കുവൈറ്റ് സിറ്റി :പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി സഹകരിച്ച് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ വകുപ്പ് നടത്തിയ സംയുക്ത പരിശോധനാ കാമ്പയിനിൽ ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ റെസിഡൻസി, തൊഴിൽ നിയമ ലംഘകരായി പ്രവർത്തിച്ച 48 പേരെ അറസ്റ്റ് ചെയ്തു. താമസ-തൊഴിൽ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി 120 വാണിജ്യ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.
ആർട്ടിക്കിൾ 18 പ്രകാരം 36 നിയമലംഘകരും, ആർട്ടിക്കിൾ 20 പ്രകാരം ഒമ്പത് പേരും, ആർട്ടിക്കിൾ 20 പ്രകാരം ഒളിച്ചോടിയ ഒരു തൊഴിലാളിയും, ആർട്ടിക്കിൾ 18 പ്രകാരം നിലവിലില്ലാത്ത ഒരു കമ്പനിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ഒരു വ്യക്തിയും, ആർട്ടിക്കിൾ 22 പ്രകാരം ഒരു നിയമലംഘകനും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
അറസ്റ്റിലായ എല്ലാവർക്കുമെതിരായ ആവശ്യമായ നിയമ-ഭരണനടപടികൾ പൂർത്തിയാക്കിയതായും, തുടർ നടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.






























