കുവൈറ്റ് സിറ്റി : കുവൈത്തിൽ 3,000 ദിനാറിൽ (KD) കൂടുതലുള്ള വിദേശ പണമിടപാടുകൾ നടത്തുന്നവർക്ക് ഇനി കഴിഞ്ഞ രണ്ട് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് ഹാജരാക്കേണ്ടത് നിർബന്ധമാക്കി. കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദ ധനസഹായവും തടയുന്നതിനുള്ള നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് എക്സ്ചേഞ്ച് കമ്പനികൾ പുതിയ നടപടികൾ നടപ്പാക്കിയത്.
കുവൈത്ത് സെൻട്രൽ ബാങ്കിന്റെ (CBK) മേൽനോട്ടത്തിൽ നടപ്പാക്കുന്ന പുതിയ സംവിധാനപ്രകാരം, കൈമാറുന്ന തുക ഉപഭോക്താവിന്റെ പ്രഖ്യാപിച്ച വരുമാനത്തിന് അനുസൃതമാണെന്നും നിയമാനുസൃതമായ ഉറവിടത്തിൽ നിന്നാണെന്നും ഉറപ്പാക്കുകയാണ് ലക്ഷ്യം.
മുമ്പ് സാധാരണയായി 10,000 ദിനാറോ അതിൽ കൂടുതലോ അയയ്ക്കുന്നവരിൽ നിന്നോ, KYC വിവരങ്ങളുമായി പൊരുത്തപ്പെടാത്ത വലിയ ഇടപാടുകൾ നടത്തുന്നവരിൽ നിന്നോ മാത്രമാണ് ഇത്തരത്തിലുള്ള രേഖകൾ ആവശ്യപ്പെട്ടിരുന്നത്.
പുതിയ ചട്ടപ്രകാരം, ഒരു ഉപഭോക്താവിന് പ്രതിദിനം പരമാവധി 1,000 ദിനാർ വരെ മാത്രമേ പണമായി അയയ്ക്കാനാകൂ. അതിൽ കൂടുതലുള്ള ഇടപാടുകൾ ബാങ്ക് വഴിയും ആവശ്യമായ രേഖകളോടെയും മാത്രമേ അനുവദിക്കൂ.
കൂടാതെ, എക്സ്ചേഞ്ച് സ്ഥാപനങ്ങളിലെ അക്കൗണ്ടിംഗ് രേഖകളും നിയമപാലന നടപടികളും പരിശോധിക്കാൻ സെൻട്രൽ ബാങ്ക് ഫീൽഡ് പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്. 2013-ലെ നിയമം നമ്പർ 106 ഉൾപ്പെടെയുള്ള കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ പരിശോധനകൾ.
ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ് (FATF) നിർദേശങ്ങൾക്കനുസരിച്ച് രാജ്യത്തിന്റെ സാമ്പത്തിക നിയന്ത്രണ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടികൾ. ഇതിലൂടെ കുവൈത്തിന്റെ സാമ്പത്തിക രംഗത്ത് കൂടുതൽ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കാനും കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദ ധനസഹായവും ഫലപ്രദമായി തടയാനുമാകുമെന്ന് അധികൃതർ അറിയിച്ചു.






























