ഇറാൻ ആക്രമണം; താൽക്കാലികമായി നിർത്തിവെച്ച കുവൈത്ത് എയർവേയ്സ് സർവീസുകൾ പുനരാരംഭിച്ചു

0
6

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടി4 യാത്രാ ടെർമിനൽ വഴി കുവൈത്ത് എയർവേയ്സിന്‍റെ എല്ലാ സർവീസുകളും പുനരാരംഭിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ടി1 ടെർമിനലിന് നേരെയുണ്ടായ ഡ്രോൺ-മിസൈൽ ആക്രമണത്തെ തുടർന്ന് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. പിന്നീട് സാങ്കേതിക വിദഗ്ധ സംഘങ്ങളും ബന്ധപ്പെട്ട അധികൃതരും നാശനഷ്ടങ്ങൾ വിലയിരുത്തി ആവശ്യമായ സുരക്ഷാ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് സർവീസുകൾ വീണ്ടും ആരംഭിച്ചത്.

വിമാനത്താവളത്തിന്‍റെ പ്രവർത്തനസജ്ജത ഉറപ്പാക്കുന്നതിനായി വിവിധ സർക്കാർ ഏജൻസികളുമായി ചേർന്ന് വിശദമായ പരിശോധനകളും സാങ്കേതിക വിലയിരുത്തലുകളും നടത്തിയതായി സിവിൽ ഏവിയേഷൻ അധികൃതർ വ്യക്തമാക്കി. യാത്ര തുടരാൻ ആഗ്രഹിക്കുന്ന യാത്രക്കാർ തങ്ങളുടെ വിമാന സമയവും യാത്രാ വിവരങ്ങളും സ്ഥിരീകരിക്കുന്നതിനായി നേരിട്ട് കുവൈത്ത് എയർവേയ്സുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് പരമപ്രധാനമെന്നും വിമാനത്താവള പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങുന്നതിനുള്ള നടപടികൾ തുടരുകയാണെന്നും ഡിജിസിഎ അറിയിച്ചു.