കുവൈറ്റിലെ വൈദ്യുതി–ജലശുദ്ധീകരണ നിലയങ്ങൾക്ക് നേരെ തുടർച്ചയായ നാലാം ദിവസവും ഇറാനിയൻ ആക്രമണം

0
13

കുവൈറ്റ് സിറ്റി : കുവൈത്തിലെ വൈദ്യുതി ഉൽപാദന, ജലശുദ്ധീകരണ പ്ലാന്റുകൾ തുടർച്ചയായ നാലാം ദിവസവും ആക്രമണത്തിന് ഇരയായതായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു.

ഇറാന്റെ ആക്രമണത്തെ തുടർന്നാണ് രാജ്യത്തെ വിവിധ വൈദ്യുതി-ജലശുദ്ധീകരണ കേന്ദ്രങ്ങളിൽ തീപിടിത്തമുണ്ടായതെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ
മന്ത്രാലയം അറിയിച്ചു. സംഭവത്തെ തുടർന്ന് മന്ത്രാലയത്തിന്റെ അടിയന്തര പ്രതികരണ സംഘങ്ങൾ, കുവൈത്ത് ഫയർ ഫോഴ്സും സുരക്ഷാ ഏജൻസികളും ചേർന്ന് ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.

ആക്രമണത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തിയതായും അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു. ഉപകരണങ്ങളുടെ സുരക്ഷയും വൈദ്യുതി-ജല വിതരണ ശൃംഖലയുടെ സ്ഥിരതയും ഉറപ്പാക്കുന്നതിനായി ചില വൈദ്യുതി ഉൽപാദന യൂണിറ്റുകൾ മുൻകരുതൽ നടപടിയുടെ ഭാഗമായി താൽക്കാലികമായി പ്രവർത്തനം നിർത്തിവച്ചതായും അധികൃതർ വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ ഔദ്യോഗിക മാധ്യമങ്ങളിലൂടെ തുടർന്നും അറിയിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.