JNU വിദ്യാർഥികളുടെ രാഷ്ട്രപതിഭവൻ മാർച്ചിനിടെ സംഘർഷം

0
6
protest

ന്യൂഡൽഹി: ജെഎന്‍യു വിദ്യാർഥികൾ രാഷ്ട്രപതിഭവനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ജെഎൻയു വിദ്യാർഥികൾ ഇന്ന് മാനവവിഭവശേഷി മന്ത്രാലയവുമായി ചർച്ച നടത്തിയിരുന്നു. ഈ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് നൂറോളം വിദ്യാർഥികൾ രാഷ്ട്രപതിഭവനിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് പൊലീസ് തടഞ്ഞതാണ് സംഘർഷാവസ്ഥ സ‍ൃഷ്ടിച്ചത്. ചിതറിയോടിയ വിദ്യാര്‍ഥികൾക്ക് നേരെ പൊലീസ് ലാത്തിവീശി. ഇതിനിടെ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചവരെ ബലം പ്രയോഗിച്ച് നീക്കുകയും ചെയ്തു.

ഫീസ് വർധന പിൻവലിക്കണം, വൈസ് ചാൻസലർ രാജി വയ്ക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷെ ഘോഷ് അടക്കമുള്ളവർ മാനവ വിഭവശേഷി മന്ത്രാലയത്തില്‍ ചർച്ചയ്ക്കെത്തിയത്. വിദ്യാർഥികൾ ആവശ്യത്തിൽ ഉറച്ചു നിന്നതും അധികൃതർ ഇത് അംഗീകരിക്കാൻ തയ്യാറാകാതെയും വന്നതോടെ ചര്‍ച്ച പരാജയമെന്ന് ഐഷെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർഥികൾ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്.