ന്യൂഡൽഹി: ഇറുക്കമേറിയതും ശരീരം പ്രദർശിപ്പിക്കുന്നതുമായ വസ്ത്രങ്ങൾ ധരിക്കുന്ന സ്ത്രീകളെ താൻ ഇഷ്ടപ്പെടുന്നില്ലെന്ന് മധ്യപ്രദേശ് മന്ത്രിയും ബിജെപി നേതാവുമായ കൈലാഷ് വിജയ്വർഗീയ. അത്തരം വസ്ത്രധാരണം ഇന്ത്യന്‍ പാരമ്പര്യത്തിന് നിരക്കാത്തതാണെന്നും സ്ത്രീകളെ ദേവതകളായാണ് ഇന്ത്യന്‍ സംസ്‌കാരം കാണുന്നതെന്നും വിജയ് വര്‍ഗീയ പറഞ്ഞു.
‘ഇന്ത്യയില്‍ ഒരു പെണ്‍കുട്ടി മാന്യമായ വസ്ത്രങ്ങള്‍ ധരിക്കുകയും നല്ല ആഭരണങ്ങള്‍ അണിയുകയും ചെയ്യുമ്പോഴാണ് അവള്‍ സുന്ദരിയാകുന്നത്. വിദേശരാജ്യങ്ങളില്‍ ഒരു സ്ത്രീ ഇറക്കം കുറഞ്ഞ, ശരീരം പ്രദര്‍ശിപ്പിക്കുന്ന വസ്ത്രം ധരിക്കുന്നതാണ് സൗന്ദര്യമെന്ന് അവര്‍ കണക്കാക്കുന്നു. നമ്മുടെ രാജ്യത്ത് സ്ത്രീകളെ ദേവതകളായാണ് സങ്കല്‍പ്പിക്കുന്നത്. അവര്‍ നല്ല വസ്ത്രങ്ങളാണ് ധരിക്കേണ്ടത്. ശരീരം മുഴുവന്‍ പ്രദര്‍ശിപ്പിക്കുന്ന തരത്തില്‍ വസ്ത്രം ധരിക്കുന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയും എനിക്കിഷ്ടമല്ല. അല്‍പ്പവസ്ത്രധാരികളായ പെണ്‍കുട്ടികള്‍ എനിക്കൊപ്പം സെല്‍ഫി എടുക്കാന്‍ വരുമ്പോള്‍ ഞാന്‍ അവരോട് പറയും നല്ല വസ്ത്രം ധരിച്ച് വന്ന് സെല്‍ഫി എടുക്കാന്‍. അത്തരം വസ്ത്രം ധരിച്ച് വരുന്നവര്‍ക്കൊപ്പം ഞാന്‍ ഫോട്ടോ എടുക്കാറില്ല’- കൈലാഷ് വിജയ് വര്‍ഗീയ പറഞ്ഞു.
വിദേശത്ത് ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതാണ് ഭംഗിയെന്ന് പറയുന്നതുപോലെ ഹ്രസ്വ പ്രസംഗം നടത്തുന്നവരാണ് നല്ല നേതാക്കളെന്ന് പറയപ്പെടുന്നതും താന്‍ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ചുളള ബിജെപി നേതാവിന്റെ ഇൌ പരാമര്‍ശം വിവാദമായി. കൈലാഷ് ബിജെപിയില്‍ ഒറ്റപ്പെട്ടുപോയെന്നും എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിക്കാനാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും മധ്യപ്രദേശ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ വിഭ പട്ടേല്‍ പറഞ്ഞു. സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് അഭിപ്രായം പറയുന്നത് കൈലാഷ് വിജയ് വര്‍ഗീയയുടെ ശീലമായി മാറിയിരിക്കുന്നുവെന്നും സ്ത്രീകളെക്കുറിച്ച് പറഞ്ഞതുകൊണ്ടു മാത്രം ശ്രദ്ധ നേടാനാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിജയ് വർഗീയ ആവര്‍ത്തിച്ച് അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പ്രസ്താവനകള്‍ നടത്തുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടും ഇയാള്‍ക്കെതിരെ യാതൊരു നടപടിയും ഇതുവരെ എടുത്തിട്ടില്ലെന്നും പ്രധാനമന്ത്രി വിഷയത്തില്‍ ഉത്തരം നല്‍കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ‘പ്രധാനമന്ത്രിയില്‍ നിന്നും ഞങ്ങള്‍ ഉത്തരം പ്രതീക്ഷിക്കുന്നു. താങ്കള്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ പിന്തുണയ്ക്കുന്നുണ്ടോ? സ്ത്രീകളെ അധിക്ഷേപിക്കുന്നത് നിങ്ങളുടെ പാര്‍ട്ടിയുടെ അനൗദ്യോഗികമായ നയമാണോ? ഉടനടി രാജി ആവശ്യപ്പെട്ട് വിജയ് വര്‍ഗീയതയ്‌ക്കെതിരെ നടപടിയെടുക്കുക. അതില്‍ കുറഞ്ഞ ഏത് നടപടിയും ഇത്തരം പ്രസ്താവനകളെ ബിജെപി അംഗീകരിക്കുന്നതായി കണക്കാക്കും’- തൃണമൂല്‍ കോണ്‍ഗ്രസ് എക്‌സില്‍ കുറിച്ചു.






























