കുവൈറ്റിലെ പ്രവാസി അധ്യാപകരുടെ ഇഖാമ രണ്ട് വർഷത്തേക്ക് കൂടി നീട്ടിയേക്കും

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസി അധ്യാപകർക്ക് നിലവിൽ ഒരു വർഷത്തെ താമസാനുമതി രണ്ട് വർഷമായി നീട്ടാൻ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം പദ്ധതിയിടുന്നു. ഇഖാമയുടെ കാലാവധി നീട്ടി നൽകുന്നതിന്  അനുമതി നൽകാൻ ആഭ്യന്തര മന്ത്രാലയം തയ്യാറാണ്, എന്നാൽ ആരോഗ്യ മന്ത്രാലയം അധ്യാപക ആരോഗ്യ ഇൻഷുറൻസ് ഇതിനനുസൃതമായി ഏകോപിപ്പിക്കണം എന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി രാജാ ബൗർക്കി അൽ റായ് പത്രത്തോട് പറഞ്ഞു. അധ്യാപകരുടെ വേനലവധി തടസ്സപ്പെടാത്ത വിധം, അടുത്ത അധ്യയന വർഷത്തോടെ ഇത് പൂർത്തിയാക്കാൻ കഴിയുമെന്ന്  പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ബന്ധപ്പെട്ട അധികൃതർ നൽകിയ വിവരം അനുസരിച്ച്, അധികാര വികേന്ദ്രീകരണ ഘട്ടത്തിൽ വിദ്യാഭ്യാസ വകുപ്പിന് അധ്യാപകരുടെ ഇഖാമകൾ പുതുക്കുന്നതിനുള്ള അധികാരം നൽകും, കൂടാതെ മന്ത്രാലയത്തിന്റെ ജനറൽ ഡയറക്ടറേറ്റിലും സ്വകാര്യ വിദ്യാഭ്യാസ മേഖലയിലും ജോലി ചെയ്യുന്നവരുടെ റസിഡൻസി പെർമിറ്റ് പുതുക്കുന്നതിന് മാത്രമേ മന്ത്രാലയത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിന് ഉത്തരവാദിത്തമുണ്ടാകൂ എന്നും വ്യക്തമാക്കി. ഇടപാടുകൾക്ക് ആഭ്യന്തര മന്ത്രാലയം അംഗീകാരം നൽകുകയും വേണമെന്നും അവർ വ്യക്തമാക്കി.