ഇന്ത്യ ഭരിക്കുന്നത് ചരിത്രത്തെ ഇല്ലായ്മ ചെയ്യുന്നവർ: സാംകുട്ടി പട്ടം‌കരി

 

കുവൈറ്റ് സിറ്റി: സ്മൃതികളെ വിസ്മരിച്ച്, ചരിത്രത്തെ ഇല്ലായ്മ ചെയ്യുന്ന ശക്തിയാണ് ഇന്ത്യ ഭരിക്കുന്നതെന്ന് പ്രശസ്ത നാടകപ്രവർത്തകൻ സാംകുട്ടി പട്ടംകരി. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ 41-മത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ മതേതരത്വം തകർത്തെറിയുന്ന ഈ ഭരണകൂടത്തിനെതിരെ പ്രവാസി സമൂഹത്തിൽ നിന്നും പ്രതിഷേധം ഉയരണമെന്നും, അതിൻ ഇത്തരം സമ്മേളനങ്ങൾ പ്രചോദനമാകണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഡ്യം, പൗരത്വ ഭേദഗതി ബിൽ പിൻ‌വലിക്കുക, ബിപിസി‌എൽ വിറ്റഴിക്കലിൽ നിന്നും കേന്ദ്രസർക്കാർ പിൻ‌മാറുക, പ്രവാസി സഹകരണ സംഘം രജിസ്റ്റർ ചെയ്യുന്നതിനുള്ള തടസ്സങ്ങൾ നീക്കുക, പ്രവാസി പുനരധിവാസ പദ്ധതികൾക്ക് കേന്ദ്രസഹായം ഉറപ്പാക്കുക, കുവൈറ്റിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ അവസരമൊരുക്കുക തുടങ്ങിയ വിവിധ വിഷയങ്ങളിലുള്ള പ്രമേയങ്ങൾ സമ്മേളനത്തിൽ അംഗീകരിച്ചു.
സമ്മേളനത്തിന് സ്വാഗത സംഘം ചെയർമാൻ ടി വി ജയൻ സ്വാഗതം ആശംസിച്ചു. കല കുവൈറ്റ് മുതിർന്ന അംഗവും പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറുമായ എൻ. അജിത്ത് കുമാർ, വനിതാവേദി കുവൈറ്റ് പ്രസിഡന്റ് രമ അജിത്ത് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. രജീഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. കല കുവൈറ്റ് അബ്ബാസിയ മേഖല കമ്മിറ്റി നാട്ടിലെ 14 ജില്ലകളിലായി വിതരണം ചെയ്യുന്ന 42 വീൽചെയറുകളുടെ തുക വേദിയിൽ വെച്ച് കൈമാറി. നാട്ടിലേക്ക് മടങ്ങുന്ന മൂന്നു പതിറ്റാണ്ടിലേറെയായി കല കുവൈറ്റിന്റെ സജീവ പ്രവർത്തകനും മുൻ‌ഭാരവാഹിയുമായിരുന്ന ശിവൻ‌കുട്ടിക്കുള്ള സ്നേഹോപഹാരം വേദിയിൽ വച്ച് കൈമാറി. ജനറൽ സെക്രട്ടറി സി കെ നൗഷാദ് സമ്മേളനത്തിനു നന്ദി രേഖപ്പെടുത്തി. കുവൈറ്റിലെ നാല് മേഖല സമ്മേളനങ്ങളിൽ നിന്നും തെരെഞ്ഞെടുക്കപെട്ട 343 പ്രതിനിധികളും കേന്ദ്ര കമ്മറ്റിഅംഗങ്ങളുംഉൾപ്പടെ 368 പേർ സമ്മേളനത്തിൽ പങ്കെടുത്തു. കുവൈറ്റ് പ്രവാസി സമൂഹത്തെ പ്രതിനിധീകരിച്ച് സമൂഹ്യ മാധ്യമ മേഖലകളിൽ നിന്നുള്ള നിരവധി വ്യക്തിത്വങ്ങളും ഉദ്ഘാടന സെഷനിൽ സൗഹാർദ്ദ പ്രതിനിധികളായി പങ്കെടുത്തു.