കമൽ ഹാസൻ രാജ്യസഭയിലേക്ക്; മക്കൾ നീതി മയ്യം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു

0
113

ചെന്നൈ:നടനും മക്കൾ നീതി മയ്യം പാർട്ടി നേതാവുമായ കമൽ ഹാസൻ രാജ്യസഭയിലേക്ക്. ഡിഎംകെയുടെ പിന്തുണയോടെയാണ് അദ്ദേഹം രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെടുന്നത്. ജൂൺ 19-ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ ആറ് രാജ്യസഭാ സീറ്റുകളിൽ നാലെണ്ണം ഡിഎംകെ നേതൃത്വത്തിലുള്ള മുന്നണിക്ക് ലഭിക്കും. ഇതിലൊന്നിലേക്കാണ് കമൽ ഹാസൻ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.

സ്വന്തം പാർട്ടി രൂപീകരിച്ചതിന് ശേഷമുള്ള കമൽ ഹാസന്റെ രാഷ്ട്രീയ ജീവിതത്തിലെ വലിയൊരു തിരിവാണ് ഈ രാജ്യസഭാ പ്രവേശനം. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂർ സീറ്റിൽ മത്സരിക്കാൻ തുടങ്ങിയ അദ്ദേഹം പിന്നീട് മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു. എന്നാൽ, ഇന്ത്യ മുന്നണിക്ക് വേണ്ടി തമിഴ്നാട്ടിലും പുതുച്ചേരിയിലും അദ്ദേഹം ശക്തമായ പ്രചാരണം നടത്തിയിരുന്നു. മത്സരത്തില്‍ നിന്ന് പിന്മാറുന്നതിനായി 2025 ജൂണില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളില്‍ ഒന്ന് കമല്‍ഹാസന്റെ പാര്‍ട്ടിക്ക് നല്‍കാമെന്ന് ധാരണയായിരുന്നു. ഫെബ്രുവരിയിൽ തമിഴ്നാട്ട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ഈ തീരുമാനം കമൽ ഹാസനെ വ്യക്തമായി അറിയിക്കുകയും ചെയ്തിരുന്നു.

ജൂണിൽ അവസാനിക്കുന്ന രാജ്യസഭാംഗങ്ങളായ അൻപുമണി രാമദാസ്, എൻ. ചന്ദ്രശേഖരൻ, എം. ശണ്മുഖം, എം. മുഹമ്മദ് അബ്ദുള്ള, വി. വിൽസൺ, വൈകോ എന്നിവരുടെ സ്ഥാനങ്ങൾക്കായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിഎംകെ മുന്നണിയിൽ 2 സീറ്റുകൾ ഡിഎംകെയ്ക്കും ഒന്ന് വീതം കോൺഗ്രസിനും മുസ്ലിം ലീഗിനും ലഭിക്കും.

തമിഴ്നാട് നിയമസഭയിലെ 234 അംഗങ്ങളിൽ നിന്നാണ് രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. ഒരു സ്ഥാനാർത്ഥിക്ക് വിജയിക്കാൻ 34 വോട്ടുകൾ ആവശ്യമാണ്. 159 സീറ്റുകളുള്ള ഡിഎംകെയ്ക്ക് 4 പേരെയും, 62 സീറ്റുകളുള്ള എഐഎഡിഎംകെ-എൻഡിഎ സഖ്യത്തിന് 2 പേരെയും രാജ്യസഭയിലേക്ക് അയയ്ക്കാനാകും.