കാറൽ മാക്സ് 1818 മെ 5ന് ജർമ്മനിയിലെ ഒരു യഹൂദകുടുംബത്തിൽ ജനിച്ചു. ജർമ്മനി വിട്ട് പോകും വരെ നിറപ്പകിട്ടാർന്ന ജീവിതം നയിച്ചു. ജെന്നി എന്ന ഉന്നതകുലജാതയെ വിവാഹം ചെയ്തു. ഫെഡറിക് ഏംഗൽസ് എന്ന സമ്പന്നനുമായ് സൗഹൃദത്തിലായ്.

ഒരു വിപ്ലവകാരിയായ് തീർന്നതോടെ മാർക്സിന് സ്വരാജ്യം എന്ന് പറയാൻ കൂടി ഒരിടമില്ലാതായി. ഫ്രാൻസും ബെൽജിയവും അദ്ദേഹത്തെ പുറത്താക്കി. ഇംഗ്ലണ്ടിൽ താമസമാക്കിയെങ്കിലും പൗരത്വം ലഭിച്ചില്ല.

കഠിനമായ ദാരിദ്ര്യമായിരുന്നു ആ സാമ്പത്തികശാസ്ത്രകാരന്റെ വാൽമീകം. ചിലപ്പോൾ വസ്ത്രങ്ങൾ കൂടി പണയത്തിലായി. ഏംഗൽസിന്റെ സഹായം ഒന്ന് കൊണ്ട് മാത്രമാണ് വിഖ്യാതരചനയായ ദാസ് കാപിറ്റലും മറ്റും പൂർത്തിയാവുന്നത്. ഒരെ സമയം ബൗദ്ധികമായ് സഹകരിക്കയും സാമ്പത്തികമായ് നിലനിർത്തുകയും ചെയ്ത ഏംഗൽസിന്റെ മനോഭാവം സൗഹൃദചരിത്രങ്ങളിൽ തന്നെ ഒരു അപൂർവ്വതയാണ്.

വിചിത്രമായിരുന്നു ആ ജീവിതം. വിപ്ലവതീവ്രതയുടെ പേരിൽ ആക്ഷേപിക്കപ്പെട്ട മാർക്സിനെ ഒരു സംഘം കമ്യൂണിസ്റ്റുകൾ വധിച്ച് കളയാൻ തന്നെ ഉദ്യമിച്ചിരുന്നു. ലെനിന്റെ സംഘടനാപാടവത്തിലേക്കെത്തിയതോടെ മാർക്സിയൻ ചിന്തകൾ ലോകം ഇളക്കി മറിച്ചുവെങ്കിലും മാർക്സിന്റെ ശവമടക്കിൽ വെറും പതിനൊന്ന് പേരാണ് പങ്കെടുത്തത്.

ഉത്പാദനവ്യവസ്ഥയുടെ ചരിത്രം, പ്രവർത്തനം, പ്രശ്നങ്ങൾ, പരിഹാരങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് മാർക്സ് ഏറ്റെടുത്ത് പഠിച്ചത്. പുതിയൊരു ലോകത്തെ പ്രതി കാല്പനികവിചാരങ്ങൾ വെച്ച് പുലർത്തിയിരുന്ന അദ്ദേഹം കവിതകളെഴുതാനും സമയം കണ്ടെത്തിയിരുന്നു.