തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെ നടിക്ക് കടിയേറ്റു

തെരുവുനായ്ക്കള്‍ക്കു ഭക്ഷണം നല്‍കുന്നതിനിടെ നടിക്ക് കടിയേറ്റു. ആകാശവാണി ആര്‍ട്ടിസ്റ്റും സീരിയല്‍ നടിയുമായ ഭരതന്നൂര്‍ കൊച്ചുവയല്‍ വാണിഭശ്ശേരി വീട്ടില്‍ ഭരതന്നൂര്‍ ശാന്ത (64)യ്ക്കാണു തെരുവുനായയുടെ കടിയേറ്റത്.

ഇന്നലെ ഉച്ചയ്ക്ക് തെരുവുനായ്ക്കള്‍ക്കു ഭക്ഷണം നല്‍കുമ്പോഴാണു സംഭവം. വലതു കൈപ്പത്തിക്കും വിരലുകള്‍ക്കും  പരുക്കേറ്റതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അഞ്ച് വര്‍ഷമായി ഭരതന്നൂര്‍ മാര്‍ക്കറ്റിൽ  തെരുവുനായകള്‍ക്കു ശാന്ത വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടുവന്നു നല്‍കുന്നുണ്ടായിരുന്നു. അങ്ങനെ പതിവുപോലെ ഭക്ഷണം നല്‍കാന്‍ എത്തിയപ്പോഴാണ് കടിയേറ്റത്.