കൊച്ചി: സംസ്ഥാനത്ത് കോവിഡ് ആർ.ടി.പി.സി.ആർ. ടെസ്റ്റ് നിരക്ക് ഉയർന്നേക്കും. ടെസ്റ്റ് നിരക്ക് 500 രൂപയാക്കിയ സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിലാണിത്. ഉത്തരവ് ഇറക്കുന്നതിന് മുമ്പ് ലാബ് ഉടമകളുടെ ഭാഗം സർക്കാർ കേട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ തീരുമാനം.
ആർ.ടി.പി.സി.ആർ. ടെസ്റ്റിന് 1700 രൂപ വരെ നേരത്തെ ലാബ് ഉടമകൾ ഈടാക്കിയിരുന്നു. ഇത് ഉയർന്ന ഫീസ് ആണെന്ന് വിമർശനമുയർന്നതിനെ തുടർന്നാണ് സർക്കാർ ഇടപെട്ട് നിരക്ക് കുറച്ചത്. ആർ.ടി.പി.സി.ആർ. ടെസ്റ്റിന് 500 രൂപയാക്കി ഉത്തരവിറക്കി. 500 രൂപയ്ക്ക് ടെസ്റ്റ് നടത്തുന്നത് നഷ്ടം ആണെന്നാണ് ലാബ് ഉടമകൾ പറയുന്നത്. അതിനാൽ കോടതി ഇടപെട്ട് പുതിയ നിരക്ക് നിശ്ചയിക്കാൻ സർക്കാർ നിർദേശം നൽകണമെന്നും ടാബ് ഉടമകൾ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.തങ്ങളുടെ ഭാഗം കേട്ടില്ലെന്ന ലാബ് ഉടമകളുടെ വാദം കൂടി അംഗീകരിച്ചാണ് സർക്കാരിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്.