കേരള പ്രസ് ക്ലബ് കുവൈത്ത് മാധ്യമ സമ്മേളനം, മാധ്യമങ്ങള്‍ ജനങ്ങളെ സ്വാധീനിക്കുന്നത് വൈകാരികമായെന്ന് ജോണി ലൂക്കോസ്

0
95

കുവൈറ്റ്‌ സിറ്റി: മാധ്യമങ്ങള്‍ വസ്തുതാപരമായി കാര്യങ്ങള്‍ കാണുന്നതിന് പകരം വൈകാരികമായാണ് ജനങ്ങളെ സ്വാധീനിക്കുന്നതെന്ന് മനോരമ ന്യൂസ് ചാനല്‍ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ്. സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ കേരള പ്രസ് ക്ലബ് കുവൈത്ത് സംഘടിപ്പിച്ച മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റ് മേഖലകളിലെന്ന പോലെ, ഒരു കാലത്ത് മാധ്യമ മേഖലയിൽ ‘Survival of the Fittest’ ആയിരുന്നു നിലനിന്നത്. എന്നാൽ ഇന്ന് അത് ‘Survival of the Shameless’ ആയി മാറിപോയി. ഇന്നത്തെ മാധ്യമങ്ങൾ ഏതുവിധത്തിലും കൊണ്ടുപോകാവുന്ന വൈകാരികാവേശങ്ങൾക്കാണ് മുൻതൂക്കം നൽകുന്നത്. മൂന്നു നാലു തലമുറകൾക്കിടയിൽ ഉണ്ടാവേണ്ട മാറ്റങ്ങൾ പത്തു ഇരുപതു വർഷത്തിനുള്ളിൽ തന്നെ മാധ്യമ രംഗത്ത് സംഭവിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വാർത്തകൾ സ്വീകരിക്കുന്നത് ഓരോ പ്രേക്ഷകരുടേയും തിരഞ്ഞെടുപ്പാണ്. ഇതിൽ തിരഞ്ഞെടുത്ത വഴികളെക്കുറിച്ച് പിന്നീട് കുറ്റം ചുമത്തുന്നതില്‍ യുക്തിയല്ലെന്ന് മാതൃഭൂമി ന്യൂസ് സീനിയർ വാർത്താ അവതാരക മാതു സജി അഭിപ്രായപ്പെട്ടു. ഇന്ന് ഓരോരുത്തരും വിശ്വസിക്കാനിഷ്ടമുള്ളത് മാത്രം വിശ്വസിക്കുകയും, അത് അനുസരിച്ച് സ്വന്തം എക്കോ ചേംബറുകളിൽ വാർത്തകൾ കസ്റ്റമൈസ് ചെയ്യുകയും ചെയ്യുന്ന കാലമാണെന്നും മാതു സജി പറഞ്ഞു.

സമ്മേളനത്തിൽ കേരള പ്രസ് ക്ലബ് കുവൈത്ത് ജനറൽ സെക്രട്ടറി സലീം കോട്ടയിൽ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സുജിത് സുരേശൻ അധ്യക്ഷത വഹിച്ചു. പ്രശസ്ത ഗസൽ ഗായകൻ ഷെബി സമുന്തരും സംഘവും അവതരിപ്പിച്ച സംഗീത സായാഹ്നം പരിപാടിയുടെ ആകർഷണമായി. കമ്മ്യൂണിറ്റി സ്കൂൾ വിദ്യാർഥിനി സ്ലാനിയ പെയ്റ്റന്റെ സോളോ വയലിൻ പ്രകടനവും, ടീം അഗ്നിയുടെ നൃത്തവും സമ്മേളനത്തിന് മിഴിവേകി.അതിഥികൾക്കുള്ള സ്നേഹോപഹാരം വേദിയിൽ കൈമാറി, സ്പോൺസർമാർക്ക് മൊമെന്റോ നൽകി ആദരിച്ചു.

സമ്മേളനത്തിൽ ജനറൽ കൺവീനർ സത്താർ നന്ദി പറഞ്ഞു. ട്രഷറർ ശ്രീജിത്ത് കെ സന്നിഹിതനായിരുന്നു. രാജലക്ഷ്മി ശൈമേഷ് അവതാരകയായി. കുവൈത്തിലെ വിവിധ സംഘടന നേതാക്കളും സാസ്കാരിക പ്രവർത്തകരും ബിസിനസ് പ്രമുഖരും ചടങ്ങില്‍  പങ്കെടുത്തു.