കോവിഡ് 19: കുവൈറ്റിൽ രണ്ടാഴ്ച പൊതു അവധി; വിമാന സർവീസുകൾ നിർത്തി വയ്ക്കും

0
6

കുവൈറ്റ്: രണ്ടാഴ്ചത്തെ പൊതു അവധി പ്രഖ്യാപിച്ച് കുവൈറ്റ്. സര്‍ക്കാർ ഓഫീസുകള്‍ക്ക് അടുത്ത മാർച്ച് 12 മുതല്‍ 26 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മാർച്ച് 27, 28 ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി കഴിഞ്ഞ് ഇനി മാർച്ച് 29 മുതലാകും സർക്കാർ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുക. ഇന്ന് വൈകിട്ട് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് അടിയന്തിര നിയന്ത്രണങ്ങൾ സംബന്ധിച്ച് തീരുമാനം ഉണ്ടായത്.

ഇതിന് പുറമെ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാനസർവീസുകളും നിർത്തിവയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. കുവൈറ്റ് എയർപോർട്ടിൽ നിന്നുള്ള വിമാനങ്ങൾക്കും മറ്റ് രാജ്യങ്ങളിൽ നിന്ന് തിരിച്ചുമുള്ള സർവീസുകൾ വെള്ളിയാഴ്ച മുതൽ നിർത്തിവയ്ക്കും. എന്നാൽ കാർഗോ വിമാനങ്ങൾക്ക് വിലക്ക് ബാധമകല്ല.

കോഫി ഷോപ്പുകൾ, റെസ്​റ്റാറൻറുകൾ, ഷോപ്പിങ്​ മാളുകൾ, ജിംനേഷ്യങ്ങൾ തുടങ്ങിവയെല്ലാം വ്യാഴാഴ്​ച മുതൽ അടച്ചിടാൻ ഉത്തരവിട്ടിട്ടുണ്ട്. ഇതിന് പുറമെ പൊതുസ്ഥലങ്ങളില്‍ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കണമെന്നും സർക്കാർ വക്താവ് താരിഖ് അൽ മസ്റം അറിയിച്ചിട്ടുണ്ട്.

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടിയെന്നാണ് സൂചന.