കുവൈത്ത് സിറ്റി: വരുംവർഷങ്ങളിൽ ഉണ്ടായേക്കാവുന്ന വരൾച്ച സാധ്യത പ്രവചിച്ചു കൊണ്ടുള്ള സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോ റിപ്പോർട്ട് പുറത്തുവിട്ടു. 2031 മുതൽ 2050 വരെയുള്ള കാലയളവിൽ കുവൈറ്റിലെ വാർഷിക ശരാശരി മഴയിൽ 5% മുതൽ 25% വരെ കുറവുണ്ടാകും. ഇത് വരൾച്ചയുടെ അപകടസാധ്യതകൾക്ക് കാരണമാകുമെന്ന് റിപ്പോർട്ടിൽ എടുത്തു പറയുന്നുണ്ട് . 2005 നും 2019 നും ഇടയിൽ രാജ്യത്തു ലഭ്യമായ വാർഷിക മഴയുടെ അളവിൽ കുറവ് രേഖപ്പെടുത്തിയിരുന്നു .
ഉയർന്ന താപനില, മഴയുടെ അളവ് കുറയൽ, പൊടിക്കാറ്റിൻ്റെ വർദ്ധനവ്, മരുഭൂവൽക്കരണം എന്ന പ്രതിഭാസത്തിന്റെ വർദ്ധനവ്, എന്നിവ ഭാവിയിൽ വരൾച്ചയും ഭക്ഷ്യസുരക്ഷയ്‌ക്കുള്ള ഭീഷണിയും ഉയർത്തുന്നുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ ദേശീയ പ്രതിരോധ പദ്ധതികളൊന്നുമില്ല, പക്ഷേ സർക്കാർ ഏജൻസികൾക്കിടയിൽ പ്രത്യേക പദ്ധതികളുള്ളതായി ബന്ധപ്പെട്ട വൃത്തങ്ങൾ അവകാശപ്പെട്ടതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു, മഴക്കാലത്ത് പബ്ലിക് വർക്ക്സ് മന്ത്രാലയം കൈക്കൊള്ളുന്ന അടിയന്തര പദ്ധതി, വൈദ്യുതി-ജല മന്ത്രാലയത്തിന്റെ വേനൽക്കാല തയ്യാറെടുപ്പുകൾ എന്നിവ. എന്നാൽ ഇവയൊന്നും തന്നെ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടുന്നതിന് ഉതകുന്നതാണോ എന്ന ചോദ്യമാണ് ബാക്കി നിൽക്കുന്നത്.






























