കുവൈറ്റ് സിറ്റി: തട്ടിപ്പ്, മോഷണം, വിശ്വാസവഞ്ചന തുടങ്ങി 38 ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ഇന്ത്യൻ സ്വദേശിയായ പ്രവാസിയെ കുവൈറ്റ് പൊലീസ് അറസ്റ്റ് ചെയ്തു. അദ്ദേഹത്തിന്റെ പേരിലുള്ള സാമ്പത്തിക ബാധ്യതകൾ ഏകദേശം ഒരു ദശലക്ഷം ദിനാർ ആണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാത്രമല്ല ഇയാളുടെ താമസ രേഖ കാലാവധി ഏകദേശം ഒമ്പത് വർഷം മുമ്പ് അവസാനിച്ചതായും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. സബാഹ് അൽ നാസർ മേഖലയിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. പോലീസ് ഉദ്യോഗസ്ഥരെ കണ്ട ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അവർ പിന്തുടർന്ന് പിടികൂടുകയായിരുന്നു.






























