പ്രവാസികളെ 30 ശതമാനമാക്കി കുറയ്ക്കും; നിയമനിർമാണം പുരോഗമിക്കുന്നതായി പ്രധാനമന്ത്രി

കുവൈത്ത് സിറ്റി : തൊഴിൽ വിപണിയിലെ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ കാലഘട്ടത്തിന് സ്വീകാര്യമായ നിലയിൽ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് സബ ഖാലിദ് അൽ ഹമദ് അൽ സബ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് നിയമം കഴിഞ്ഞ സഭാ കാലഘട്ടത്തിൽ ദേശീയ അസംബ്ലി അംഗീകരിച്ചതായും, എക്‌സിക്യൂട്ടീവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതിനായുള്ള നടപടിക്രമങ്ങൾ ഇപ്പോൾ പുരോഗമിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. കുവൈത്തിലെ പ്രാദേശിക പത്രങ്ങളുടെ പത്രാധിപരുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൻ്റെ അഭിപ്രായത്തിൽ തൊഴിൽ മാർക്കറ്റിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനായി പ്രവാസികളെ 30% ആക്കുകയും ബാക്കി 70 % പൗരന്മാരും ആയിരിക്കണമെന്നും ഷെയ്ഖ് സബ അൽ ഖാലിദ് പറഞ്ഞു.

ഈ അസന്തുലിതാവസ്ഥയിൽ നിന്ന് അനുയോജ്യമായ ഒരു സാഹചര്യത്തിലേക്ക് നീങ്ങുന്നതിന്
നിയമം പാസാക്കുകയും ചട്ടങ്ങൾ നടപ്പാക്കുകയും ചെയ്യണം. തൊഴിൽ വിപണിയിലെ അസന്തുലിതാവസ്ഥയിലിത് ഭേദഗതി വരുത്തും, ജനസംഖ്യാപരമായ ഘടനയിൽ ഇത് പ്രതിഫലിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു