കുവൈറ്റ് സിറ്റി: ഏപ്രിൽ ഒൻപതിന് നടക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പാക്കാൻ കുവൈത്തിലെ ഇടതുപക്ഷ പ്രവർത്തകർ സജീവമായി. കുവൈത്തിലെ വിവിധ ഇടതുപക്ഷ സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ വിപുലമായ തെരഞ്ഞെടുപ്പ് കൺവെൻഷൻ ചേരുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 14 ജില്ലാ കമ്മിറ്റികൾക്ക് രൂപം നൽകുകയും ചെയ്തു. ഇതിന്റെ തുടർച്ചയായി 14 ജില്ലകളിലും ജില്ലാ കൺവെൻഷനുകളും തുടർന്ന് മണ്ഡലം കൺവെൻഷനുകളും പൂർത്തീകരിച്ചു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി സംഘടിപ്പിച്ച കൺവെൻഷനുകളിൽ കേരളത്തിലെ ഇടതുപക്ഷ മുന്നണി നേതാക്കളും, സ്ഥാനാർത്ഥികളും പങ്കെടുത്തു സംസാരിച്ചു.
എൽ.ഡി.എഫ് കൺവീനറും പേരാമ്പ്ര സ്ഥാനാർത്ഥിയുമായ ടി.പി.രാമകൃഷ്ണൻ, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി.ജയരാജൻ, രാജ്യസഭാ എം.പി പി.പി സുനീർ, മന്ത്രിയും എലത്തൂർ സ്ഥാനാർത്ഥിയുമായ എ.കെ.ശശീന്ദ്രൻ, സി.പി.ഐ.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം, സി.പി.ഐ.എം കാസർഗോഡ് ജില്ലാ സെക്രട്ടറി എം. രാജഗോപാലൻ, കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, വയനാട് ജില്ലാ സെക്രട്ടറി കെ.റഫീഖ്, ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ജയ്ക്ക് സി തോമസ്, എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്, സി.പി.ഐ ദേശീയ കൗൺസിൽ അംഗം ടി.ജെ.ആഞ്ചലോസ്, സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, സി.പി.ഐ നേതാവ് ഇ.എസ് ബിജിമോൾ തുടങ്ങിയവർ വിവിധ കൺവെൻഷനുകളിൽ പങ്കെടുത്തു. കുടുംബങ്ങളെയും സുഹൃത്തുക്കളെയും ഫോൺ വഴി ബന്ധപ്പെട്ടും സോഷ്യൽ മീഡിയയിലൂടെയും ഇടതുപക്ഷത്തിന് അനുകൂലമായ പ്രചരണം നടത്താൻ കുവൈത്തിൽ വിപുലമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. മുൻകാല സർക്കാരുകളെ അപേക്ഷിച്ച് അടിസ്ഥാന വികസന രംഗത്തും ക്ഷേമ പ്രവർത്തനങ്ങളിലും കേരളത്തെ മാതൃകയാക്കിയ എൽഡിഎഫിനെ വീണ്ടും അധികാരത്തിലെത്തിക്കേണ്ടതുണ്ട്. പ്രവാസികളെ ചേർത്തുനിർത്തുന്ന നിലപാടുകളും എൽഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങളും വോട്ടർമാരിലേക്ക് എത്തിക്കാൻ ഓരോ പ്രവർത്തകനും ജാഗ്രതയോടെ പ്രവർത്തിക്കുന്നു. വരും ദിവസങ്ങളിൽ മണ്ഡലം തലങ്ങളിലുള്ള പ്രചാരണ പരിപാടികൾ കൂടുതൽ ഊർജ്ജിതമാക്കാനാണ് കുവൈത്തിലെ ഇടതുപക്ഷ സാംസ്കാരിക സംഘടനകളുടെയും തീരുമാനം.


































