കുവൈത്ത് സിറ്റി : ഇറാൻ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ സുരക്ഷ, പൊതുജന ബോധവൽക്കരണം, സേവനങ്ങളുടെ തുടർച്ച എന്നിവ ഉറപ്പാക്കുന്നതിന് കുവൈത്ത് അധികാരികൾ നിരവധി നിർദ്ദേശങ്ങൾ പുറത്തിറക്കി. അഭ്യൂഹങ്ങളും സ്ഥിരീകരിക്കാത്ത വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു. ഇത്തരം പ്രവർത്തനങ്ങൾ കർശനമായി നിരീക്ഷിക്കപ്പെടുന്നതായും നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. മാധ്യമ ബ്രീഫിംഗിൽ സംസാരിച്ച ആഭ്യന്തര മന്ത്രാലയ വക്താവ് ബ്രിഗേഡിയർ നാസർ ബുസ്ലൈബ്, ഔദ്യോഗിക വിവര സ്രോതസുകളെ ആശ്രയിക്കുന്നത് പൊതുജന ബോധവൽക്കരണം വർധിപ്പിക്കുമെന്നും ദേശീയ ശ്രമങ്ങൾക്ക് പിന്തുണ നൽകുമെന്നും പറഞ്ഞു. പുലർച്ചെ മുതൽ നാല് തവണ മുന്നറിയിപ്പ് സൈറൺ മുഴങ്ങിയതായും ആക്രമണം ആരംഭിച്ചതിന് ശേഷം ഇതുവരെ ആകെ 171 തവണ സൈറൺ സജീവമായതായും അദ്ദേഹം വ്യക്തമാക്കി.
ഇന്റർസെപ്ഷൻ പ്രവർത്തനങ്ങൾക്കിടെ വീണ അവശിഷ്ടങ്ങളുമായി ബന്ധപ്പെട്ട് ഒൻപത് പരാതികൾ സ്ഫോടക വസ്തു നിർവീര്യമാക്കൽ സംഘം കൈകാര്യം ചെയ്തതായും, ഇതോടെ ഇത്തരം കേസുകളുടെ ആകെ എണ്ണം 678 ആയി ഉയർന്നതായും അദ്ദേഹം പറഞ്ഞു. ഭീഷണി മേഖലകള്ക്കുള്ളിലും പുറത്തുമായി വീഴുന്ന അവശിഷ്ടങ്ങളെ പ്രത്യേക സേന എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള ദൃശ്യാവതരണവും ബ്രീഫിംഗിൽ അവതരിപ്പിച്ചു. ഭീഷണികളെ നേരിടുന്നതിൽ സൈന്യത്തിന്റെ ജാഗ്രതയും ഉറച്ച നിലപാടും മന്ത്രാലയം വീണ്ടും ഉറപ്പിച്ചു. രാജ്യത്തെ സുരക്ഷാ സ്ഥാപനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസത്തെയും സഹനശേഷിയെയും അധികൃതർ പ്രശംസിച്ചു. സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി എല്ലാ മേഖലകളും 24 മണിക്കൂറും ജാഗ്രതയിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.






























