മുഹബ്ബത്തെ റസൂൽ 2023, സെപ്റ്റംബർ 28, 29 ദിവസങ്ങളിൽ അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ച് നടത്തും

കുവൈറ്റ് സിറ്റി: നബിദിനത്തോടനുബന്ധിച്ച് എല്ലാവർഷവും നടത്തിവരാറുള്ള മുഹബ്ബത്തെ റസൂൽ നബിദിന മഹാസമ്മേളനം, ഈ  സെപ്റ്റംബർ 28, 29 (വ്യാഴം, വെള്ളി) ദിവസങ്ങളിൽ അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ച് നടത്തുമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കുവൈത്തിലെ പോഷക ഘടകമായ കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (KIC) അംഗങ്ങൾ വർത്താ സമ്മേളനത്തിൽ അറിയിച്ചു.

എസ്കെഎസ്എസ്എഫ് സംസ്ഥാന ട്രഷറർ സയ്യിദ് ഫഖ്റുദ്ദീൻ ഹസനി തങ്ങൾ കണ്ണന്തളി, പ്രഗൽഭ പണ്ഡിതനും പ്രഭാഷകനുമായ സിറാജുദ്ദീൻ അൽ ഖാസിമി പത്തനാപുരം എന്നിവർ പരിപാടിയിൽ വിശിഷ്ട  അതിഥികളായി പങ്കെടുക്കും. നാലായിരത്തോളം ആളുകൾ പരിപാടിയിൽ സംബന്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

28.09.2023 വ്യാഴാഴ്ച ഇശാ നമസ്കാരത്തിന് ശേഷം മജ്ലിസുന്നൂർ ആത്മീയ സദസ്സ് ,29.09.2023 വെള്ളിയാഴ്ച അസ്ർ നമസ്കാരത്തിന് ശേഷം ബുർദ മജ്ലിസ് , മഗ്‌രിബ് നമസ്കാരത്തിന് ശേഷം മൗലിദ് സദസ്സ്, പിന്നീട് നബിദിന മഹാ സമ്മേളനം എന്നീ ക്രമത്തിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.

സുപ്രഭാതം ദിനപത്രത്തിന്റെ കുവൈത്തിലെ ലോഞ്ചിങ്ങും ഈ സമ്മേളനത്തിൽ വെച്ചു നടക്കുന്നതാണ് എന്നും അറിയിച്ചു. കൂടാതെ സംഘടനയുടെ KIC മൊബൈൽ അപ്ലിക്കേഷന്റെ ലോഞ്ചിങ്ങും ഈ സമ്മേളനത്തിൽ നടക്കുന്നതായിരിക്കും. സംഘടനയിലെ അംഗങ്ങളുടെ മെമ്പർഷിപ്പ് പുതുക്കാനും മെമ്പർഷിപ്പ് കാർഡ് ലഭിക്കാനും അതോടൊപ്പം സംഘടന പരിപാടികളും വാർത്തകളും എളുപ്പത്തിൽ ലഭ്യമാക്കാനും ഗുണകരമാകുന്ന രീതിയിലാണ് ഓൺലൈൻ അപ്ലിക്കേഷൻ ആവിഷ്കരിച്ചിരിക്കുന്നത് എന്നും അവർ പറഞ്ഞു.

പ്രവർത്തകനൊരു വീട് –

സംഘടനയുടെ സജീവ പ്രവർത്തകരായ അംഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരിൽ നിന്നും അർഹരായവർക്ക് വീട് വച്ച് നൽകുന്നതിൻ്റെ  പ്രഖ്യാപനവും മുഹബ്ബത്തെ റസൂൽ മീലാദ് കോൺഫറൻസിൽ വെച്ച് നടക്കും.