കോട്ടയം: കേരള കോൺഗ്രസ് (എം) പിളർപ്പിലേക്ക് നീങ്ങുന്നതായി സൂചന. ജോസ്.കെ.മാണി വിഭാഗം നാളെ കോട്ടയത്ത് സംസ്ഥാന സമിതി യോഗം വിളിച്ചിട്ടുണ്ട്. നാളത്തെ യോഗം ജോസ്.കെ. മാണിയെ ചെയർമാനായി തെരഞ്ഞെടുക്കുന്നതോടെ പാർട്ടി പിളർപ്പിലേക്ക് കടക്കാനാണ് സാദ്ധ്യത കാണുന്നത്.
സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന ആവശ്യം വര്‍ക്കിങ് ചെയര്‍മാനായ പി.ജെ. ജോസഫ് അംഗീകരിക്കാത്തതിനാലാണ് ഈ പുതിയ നീക്കം.ജോസഫ് വിഭാഗം നേതാക്കള്‍ക്ക് ഉള്‍പ്പെടെ ഇതുസംബന്ധിച്ച അറിയിപ്പും നല്‍കിയിട്ടുണ്ട്.ചെയര്‍മാന്‍ സ്ഥാനത്തിന് വേണ്ടി ജോസഫ്, ജോസ് വിഭാഗങ്ങൾ തമ്മില്‍ വടംവലി തുടങ്ങിയതിന് ശേഷമുണ്ടാകുന്ന ഏറ്റവും നിര്‍ണായക നീക്കമാണ് നാളത്തെ യോഗം ചേരൽ.
ജോസഫിന്‍റെ ഇന്നലത്തെ ഒത്തുതീർപ്പ് ഫോർമുല ജോസ്.കെ.മാണി തള്ളിക്കളഞ്ഞിരുന്നു.നാളെ ഉച്ചയ്ക്ക് രണ്ടിന് കോട്ടയം സിഎസ്ഐ ഹാളിൽ നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗം ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുക്കും. അതോടെ ഇരു വിഭാഗവും പിരിയാൻ തന്നെയാണ് സാദ്ധ്യത കാണുന്നത്.സംസ്ഥാന കമ്മറ്റി വിളിക്കണമെന്ന് 127 പേർ ഒപ്പിട്ട കത്ത് ജോസ്.കെ.മാണി വിഭാഗം ജോസഫിന് നൽകിയിരുന്നു. ജോസഫ് ഇതിനെ പാടെ അവഗണിച്ചതോടെയാണ് സമാന്തരമായി സംസ്ഥാന സമിതി യോഗം വിളിക്കാൻ ജോസ് കെ മാണി വിഭാഗം തീരുമാനിച്ചത്.