ഇറാൻ ആക്രമണങ്ങൾക്കിടയിൽ ഐക്യത്തിന്റെ പ്രതീകമായി ‘അൽ-അർഫജ്’ പൂവ് കുവൈത്തിൽ ശ്രദ്ധേയമാകുന്നു

0
106

കുവൈത്ത് സിറ്റി : തുടർച്ചയായ ഇറാൻ ആക്രമണങ്ങൾ നേരിടുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ ദേശീയപുഷ്പമായ ‘അൽ-അർഫജ്’ ഐക്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. മഞ്ഞ നിറത്തിലുള്ള ഈ പുഷ്പം കുവൈത്തിന്റെ വരണ്ട ഭൂമിശാസ്ത്ര സാഹചര്യങ്ങളിലും വളരുന്ന ഒന്നായി ശക്തിയുടെയും സഹനശേഷിയുടെയും പ്രതീകമായി കണക്കാക്കപ്പെടുന്നു.കഴിഞ്ഞ ഒരു മാസത്തിലേറെയായി കുവൈത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് നടക്കുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്കിടയിലും രാജ്യം ഉറച്ചുനിൽക്കുന്നുവെന്ന സന്ദേശമാണ് ഈ ദേശീയ ക്യാമ്പയിൻ മുഖേന സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

പരിസ്ഥിതി പബ്ലിക് അതോറിറ്റിയുടെ പബ്ലിക് റിലേഷൻസ് മേധാവിയായ ഷൈഖ അൽ-ഇബ്രാഹിം, കുവൈത്ത് ജനങ്ങളുടെ ഐക്യത്തെ അൽ-അർഫജ് പൂവിനോട് ഉപമിച്ചു. ഏറ്റവും പ്രതിസന്ധിയേറിയ സമയങ്ങളിലും സഹനശേഷിയും ഐക്യവും പ്രകടിപ്പിക്കുന്ന പ്രതീകമാണിതെന്ന് അവർ പറഞ്ഞു.20 മുതൽ 60 സെന്റിമീറ്റർ വരെ ഉയരമുള്ള ഈ മരുഭൂമി സസ്യം വടക്കൻ കുവൈത്തിലും അറേബ്യൻ ഉപദ്വീപിലും വ്യാപകമായി കാണപ്പെടുന്നു. ജലക്ഷാമ സാഹചര്യങ്ങൾ നേരിടാനുള്ള കഴിവും കട്ടിയുള്ള ഇലകളിലൂടെ ഈർപ്പം സംരക്ഷിക്കുന്ന പ്രത്യേകതയും അൽ-അർഫജിനുണ്ട്. അതേസമയം കാലാവസ്ഥാ വ്യതിയാനവും മനുഷ്യ ഇടപെടലുകളും അമിതമായ മേച്ചിലും മൂലം ഈ ദേശീയപുഷ്പം നാശഭീഷണി നേരിടുന്നതായും അധികൃതർ മുന്നറിയിപ്പ് നൽകി.