കുവൈത്ത്–സൗദി സൈനിക, സുരക്ഷാ സഹകരണം ശക്തമാക്കാൻ ചർച്ച

0
9

കുവൈത്ത് സിറ്റി: കുവൈത്തും സൗദി അറേബ്യയും തമ്മിലുള്ള സൈനിക-സുരക്ഷാ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്തു. കുവൈത്ത്–സൗദി കോഓർഡിനേഷൻ കൗൺസിലിന് കീഴിലുള്ള മിലിട്ടറി ആൻഡ് സെക്യൂരിറ്റി കോഓർഡിനേഷൻ കമ്മിറ്റിയുടെ വെർച്വൽ യോഗത്തിലാണ് ഇരു രാജ്യങ്ങളും വിവിധ വിഷയങ്ങൾ ചർച്ച ചെയ്തത്.

കുവൈത്ത് ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുൽവഹാബ് അൽ വുഹൈബ് കുവൈത്ത് പ്രതിനിധി സംഘത്തിന് നേതൃത്വം നൽകി. കുവൈത്ത് പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ, നാഷണൽ സൈബർസെക്യൂരിറ്റി സെന്റർ, പബ്ലിക് അതോറിറ്റി ഫോർ കോംബാറ്റിംഗ് കറപ്ഷൻ (നസഹ) എന്നിവയിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

സൈനിക, സുരക്ഷാ മേഖലകളിലെ സംയുക്ത പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ പദ്ധതികളും സംരംഭങ്ങളും യോഗത്തിൽ അവലോകനം ചെയ്തു. വിവരങ്ങളും വിദഗ്ധ പരിജ്ഞാനവും കൈമാറുന്നതിനുള്ള സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതും ചർച്ചയായി.

ഇരു രാജ്യങ്ങളുടെയും സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനും മേഖലയിൽ സംയുക്ത ശ്രമങ്ങൾ ഏകോപിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധതയാണ് യോഗത്തിലൂടെ വ്യക്തമാക്കിയതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.