പാക്കിസ്ഥാനിലെ വ്യാജ മലബാര് ഗോള്ഡ് & ഡയമണ്ട്സ് ഷോറൂം അധികൃതർ അടച്ചുപൂട്ടിച്ചു

ആഗോളതലത്തിൽ പ്രമുഖ ജ്വല്ലറി റീട്ടെയില് ബ്രാന്ഡായ മലബാര് ഗോള്ഡ് & ഡയമണ്ട്സിൻ്റെ പേരിൽ പാകിസ്താനിലെ ഇസ്ലാമാബാദില് പ്രവർത്തിച്ചിരുന്ന വ്യാജ ഷോറൂം അധികൃതർ അടച്ചു പൂട്ടി.  മലബാര് ഗോള്ഡ് & ഡയമണ്ട്സിന്റെ പേരില് അനധികൃതമായി ജ്വല്ലറി ഷോറൂം നടത്തിയ പക് പൗരനായ മുഹമ്മദ് ഫൈസാനെതിരെയാണ് ബ്രാന്ഡ് കേസ് ഫയല് ചെയ്തത് ഇതിൽ അനുകൂല വിധി നേടിയതോടെ വ്യാജ സ്ഥാപനം അടച്ചു പൂട്ടുകയായിരുന്നു.

മലബാര് ഗോള്ഡ് & ഡയമണ്ട്സിന്റെ ബ്രാന്ഡ് നെയിമും മറ്റ് വ്യാപാരമുദ്രകളും തന്റെ ജ്വല്ലറി ഷോറൂം പ്രവര്ത്തിപ്പിക്കുന്നതിന് ഉപയോഗിച്ചതിന് പുറമേ, മലബാര് ഗോള്ഡ് & ഡയമണ്ട്സിന്റെ ബ്രാന്ഡ് അംബാസഡര്മാരുടെ ചിത്രങ്ങള്, ആഭരണ ഡിസൈനുകള് എന്നിവ ഉപയോഗിച്ച് സോഷ്യല് മീഡിയ പേജുകളും ഇയ്യാൾ നടത്തുന്നുണ്ടായിരുന്നു.

മലബാര് ഗോള്ഡ് & ഡയമണ്ട്സിന്റെ നിയമസംഘം സിവില് കേസ് ഫയല് ചെയ്തപ്പോള് പാകിസ്ഥാന് കോടതി ഉടനടി ‘മലബാര് ഗോള്ഡ് ഡയമണ്ട്സ്’ ന്റെ പേരിലുള്ള എല്ലാ സൈന് ബോര്ഡുകളും നീക്കം ചെയ്യാനും, ബ്രാന്ഡ് നാമത്തിന്റെയും വ്യാപാരമുദ്രകളുടെയും എല്ലാ ഉപയോഗവും നിര്ത്താനും ഉത്തരവിട്ടു. കോടതി ഉത്തരവുകള് പാലിക്കാന് പ്രതി വിസമ്മതിച്ചതോടെ മലബാര് ഗോള്ഡ് & ഡയമണ്ട്സ് കോടതിയലക്ഷ്യ ഹര്ജി ഫയല് ചെയ്തു. ഇതേത്തുടര്ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും കോടതിയില് ഹാജരാക്കുകയും ചെയ്തു. സിവില് കേസിന്റെ ഫലമായി ജയില് വാസം ഉറപ്പായതിനാല്, ബ്രാന്ഡ് മുന്നോട്ടുവെച്ച വ്യവസ്ഥകള്ക്കനുസൃതമായി ഒത്തുതീര്പ്പിനും തുടര്ന്നുള്ള കരാറിനുമായി ഫൈസാന് മലബാര് ഗോള്ഡ് & ഡയമണ്ട്സിനെ സമീപിച്ചു. തന്റെ പേരില് ‘മലബാര് ഗോള്ഡ് & ഡയമണ്ട്സ് രജിസ്റ്റര് ചെയ്യുന്നതിനായി പ്രതി നല്കിയ ട്രേഡ്മാര്ക്ക് അപേക്ഷ പിന്വലിക്കുക, മലബാര് ഗോള്ഡ് & ഡയമണ്ട്സ് തിരഞ്ഞെടുത്ത പ്രധാന ഇംഗ്ലീഷ്, ഉറുദു പത്രങ്ങളുടെ എല്ലാ പതിപ്പുകളിലും കുറ്റസമ്മതവും, ഇതില് നിന്നും പിന്വാങ്ങുന്ന പ്രഖ്യാപനവും പ്രസിദ്ധീകരിക്കുക എന്നീ ഉപാധികളുമാണ് മുന്നോട്ടുവെച്ചത്. ഇതെല്ലാം ഫൈസാന് സമ്മതിക്കുകയും അനുസരിക്കുകയും ചെയ്തു.