വൈദ്യുതി ഉപയോഗം കുറയ്ക്കാൻ പൊതുജനങ്ങളോട് അഭ്യർഥിച്ച് വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രാലയം

0
12

കുവൈത്ത് സിറ്റി : വേനൽക്കാലത്ത് രാജ്യത്ത് താപനില ഉയരുന്നതിനനുസരിച്ച് വൈദ്യുതി ഉപഭോഗവും വർധിക്കുന്ന സാഹചര്യത്തിൽ, വൈദ്യുതി ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്ന് പൗരന്മാരോടും താമസക്കാരോടും വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രാലയം വീണ്ടും അഭ്യർഥിച്ചു.

ഉയർന്ന വൈദ്യുതി ആവശ്യകതയുള്ള സമയങ്ങളിൽ ഉപഭോഗം നിയന്ത്രിക്കുന്നത് രാജ്യത്തിന്റെ വൈദ്യുതി വിതരണ ശൃംഖലയുടെ സ്ഥിരതയും കാര്യക്ഷമതയും നിലനിർത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി. ചെറിയ തോതിലുള്ള വൈദ്യുതി ലാഭം പോലും ശൃംഖലയിലെ സമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്നും “ഇന്ന് ലാഭിക്കുന്ന ഓരോ വാട്ട് വൈദ്യുതിയും നാളേക്കുള്ള വലിയ മാറ്റമാണ്” എന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, ദിവസവും രാവിലെ 11 മണി മുതൽ വൈകിട്ട് 5 മണിവരെയാണ് വൈദ്യുതി ഉപയോഗം ഏറ്റവും കൂടുതലുള്ള സമയം. ഈ സമയങ്ങളിൽ എയർ കണ്ടീഷണറുകളും ഗാർഹിക വൈദ്യുത ഉപകരണങ്ങളും വ്യാപകമായി ഉപയോഗിക്കുന്നതിനാൽ വൈദ്യുതി സംവിധാനത്തിന് വലിയ സമ്മർദം നേരിടുന്നു. വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനായി ഊർജക്ഷമമായ എൽഇഡി ലൈറ്റുകൾ ഉപയോഗിക്കുക, ഉപയോഗത്തിലില്ലാത്ത ലൈറ്റുകളും വൈദ്യുത ഉപകരണങ്ങളും ഓഫ് ചെയ്യുക, ആളുകളില്ലാത്ത മുറികളിൽ എയർ കണ്ടീഷണറുകൾ പ്രവർത്തിപ്പിക്കാതിരിക്കുക, എസി മിതമായ താപനിലയിൽ ക്രമീകരിക്കുക തുടങ്ങിയ നിർദേശങ്ങളാണ് മന്ത്രാലയം നൽകിയത്.

കൂടാതെ, കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപകരണങ്ങൾ സാധ്യമെങ്കിൽ പീക്ക് സമയത്തിന് പുറത്തുള്ള സമയങ്ങളിൽ പ്രവർത്തിപ്പിക്കണമെന്നും മന്ത്രാലയം ശുപാർശ ചെയ്തു.വൈദ്യുതി ഉപയോഗം നിയന്ത്രിക്കുന്നത് എല്ലാവരുടെയും സംയുക്ത ഉത്തരവാദിത്തമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. വേനൽക്കാലം മുഴുവൻ വിശ്വസനീയവും സുസ്ഥിരവുമായ വൈദ്യുതി വിതരണം ഉറപ്പാക്കാൻ പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.