ഇടുക്കി : മഴ ശക്തമായതോടെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് നാളെ(ജൂൺ 29) തുറക്കും. രാവിലെ 10 മണിക്ക് ഷട്ടർ ഉയർത്തുമെന്ന് തമിഴ്നാട് അറിയിച്ചു. പരമാവധി 1000 ഘനയടി വെള്ളമാണ് തുറന്നു വിടുക. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു. ഡാമിലെ ജലനിരപ്പ് 136 അടിയാണ്.
ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞാൽ ഷട്ടർ തുറക്കാനുള്ള തീരുമാനം മാറ്റാൻ സാധ്യതയുണ്ട്. നേരത്തെ ഷട്ടറുകൾ തുറക്കുമെന്ന മുന്നറിയിപ്പ് നൽകിയതിനാൽ ജില്ലാ ഭരണകൂടം മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു. പെരിയാറിൽ ജലനിരപ്പ് താഴ്ന്ന നിലയിലാണ്. ഡാമിലെ വെള്ളം പെരിയാറിലേക്ക് ഒഴുക്കിയാലും ജലനിരപ്പ് ആശങ്കപ്പെടേണ്ട നിലയിൽ ഉയരില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
അതേസമയം, ജലനിരപ്പ് അപകടകരമായ നിലയിൽ തുടരുന്നതിനാൽ പത്തനംതിട്ടയിലെ മണിമല നദിയിൽ കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നദിതീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. പീച്ചി ഡാമിലെ നാല് ഷട്ടറുകൾ തുറന്നതിനാൽ കരുവന്നൂർ, മണലിപ്പുഴയുടെ തീരത്തുള്ളവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.































