കുവൈറ്റ് സന്ദർശകർക്കായി പുതിയ “കുവൈത്ത് വിസ” പ്ലാറ്റ്‌ഫോം ആരംഭിച്ചു

0
61

കുവൈറ്റ്‌ സിറ്റി : കുവൈത്തിൽ എത്തുന്ന സന്ദർശകർക്കായി പുതിയ കുവൈറ്റ് വിസ ഓൺലൈൻ പ്ലാറ്റ്ഫോം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം. ഇന്നലെയാണ് ഔദ്യോഗികമായി ഓൺലൈൻ പ്ലാറ്റ്ഫോം ആരംഭിച്ചത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫിന്റെ നിർദ്ദേശപ്രകാരം, ആക്ടിംഗ് അണ്ടർസെക്രട്ടറി മേജർ ജനറൽ അലി അൽ-അദ്വാനിയുടെ മേൽനോട്ടത്തിലാണ് കുവൈത്ത് വിസ” പ്ലാറ്റ്‌ഫോം https://kuwaitvisa.moi.gov.kw ആരംഭിച്ചത്. ജിസിസി രാജ്യങ്ങളിൽ താമസിക്കാത്ത ഇന്ത്യൻ പൗരന്മാർക്ക് ഓൺലൈൻ വിസ പ്ലാറ്റ്ഫോം ബാധകമല്ല. ആഭ്യന്തര മന്ത്രാലയത്തിന്റെ നിയമപരമായ ചട്ടങ്ങൾക്കും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്‌സിന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്കും അനുസൃതമായി, ബാധകമായ രാജ്യത്തിൽ നിന്നുള്ളവർക്ക് ടൂറിസ്റ്റ്, ബിസിനസ്സ്, കുടുംബം, സർക്കാർ എന്നിവയുൾപ്പെടെ വിവിധ തരം സന്ദർശന വിസകൾ ഈ പ്ലാറ്റ്ഫോം വഴി ലഭ്യമാകും. എല്ലാ വിസകളും സമഗ്രമായ സുരക്ഷാ പരിശോധനകൾക്ക് വിധേയമാണെന്നും വ്യക്തികളായാലും കമ്പനികളായാലും സർക്കാർ സ്ഥാപനങ്ങളായാലും സന്ദർശകനും സ്പോൺസറും സാധുവായ തിരിച്ചറിയൽ രേഖകൾ സമർപ്പിക്കേണ്ടതുണ്ടെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു. അനുവദനീയമായ താമസ കാലയളവ് കവിയുകയോ വിസ വ്യവസ്ഥകൾ ലംഘിക്കുകയോ ചെയ്യുന്ന നിയമലംഘകർക്ക് കർശനമായ ശിക്ഷകൾ ബാധകമാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.