കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ – കല കുവൈറ്റ് അബ്ബാസിയ മേഖല സമ്മേളനം സ:നൂറുൽ ഹാഷിം നഗറിൽ (ഓക്സ്ഫോർഡ് പാക്കിസ്താനി സ്കൂൾ അബ്ബാസിയ) മേഖല പ്രസിഡന്റ് കൃഷ്ണ മേലത്തിന്റെ താൽക്കാലിക അധ്യക്ഷതയിൽ കലയുടെ മുൻ ഭാരവാഹി രജീഷ് സി ഉദ്ഘാടനം ചെയ്തു. മേഖലയിലെ ഗായകർ അവതരിപ്പിച്ച സ്വാഗത ഗാനത്തോടെ ആരംഭിച്ച സമ്മേളനത്തിൽ മേഖല എക്സിക്യൂട്ടീവ് അംഗം ഉമേഷ് കീഴറ അനുശോചനപ്രമേയം അവതരിപ്പിച്ചു. കൃഷ്ണ മേലത്ത്, നവീൻ എളയാവൂർ, ആശാലത ബാലകൃഷ്ണൻ എന്നിവർ അടങ്ങിയ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തിൽ കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി വി ഹിക്മത് സംഘടന റിപ്പോർട്ടും, അബ്ബാസിയ മേഖല സെക്രട്ടറി പി പി സജീവൻ മേഖലാ വാർഷിക പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. 30 യൂണിറ്റുകളിൽ നിന്നുമായി 210 പ്രതിനിധികളും, കേന്ദ്ര – മേഖല കമ്മറ്റി അംഗങ്ങളടക്കം 261 പേർ സമ്മേളനത്തിൽ പങ്കെടുത്തു. യൂണിറ്റുകളെ പ്രതിനിധീകരിച്ച് 37 പേർ ചർച്ചയിൽ പങ്കെടുത്തു. അടുത്ത പ്രവർത്തന വർഷത്തിൽ അബ്ബാസിയ മേഖല കമ്മിറ്റിയെ നയിക്കുന്നതിന് 15 അംഗ എക്സിക്യുട്ടീവ് അംഗങ്ങളെയും മേഖല പ്രസിഡന്റായി മനോജ് കുമാർ, സെക്രട്ടറിയായി കൃഷ്ണ മേലത്ത് എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു. ഭാരവാഹികളടക്കം 45 അംഗങ്ങളുൾപ്പെടുന്നതാണ് മേഖല കമ്മിറ്റി. പ്രവാസികളെയും മലയാളി സമൂഹത്തെയും സംബന്ധിച്ച വിവിധ വിഷയങ്ങളിലുള്ള പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. കല കുവൈറ്റ് പ്രസിഡന്റ് മാത്യു ജോസഫ്, ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ എന്നിവർ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.
സമ്മേളനത്തിന്റെ സംഘാടകസമിതി സ്വാഗത സംഘം ചെയർമാൻ തസ്നിം മന്നിയിൽ സ്വാഗതം ആശംസിച്ച സമ്മേളനത്തിന് അബ്ബാസിയ മേഖലയുടെ പുതിയതായി തെരെഞ്ഞെടുത്ത സെക്രട്ടറി കൃഷ്ണ മേലത്ത് നന്ദി പറഞ്ഞു.
































