പ്രവാസി സംരംഭകർക്കായി നോർക്ക ത്രിദിന സൗജന്യ സംരംഭകത്വ പരിശീലനം സംഘടിപ്പിച്ചു

0
104

പ്രവാസി സംരംഭകർക്കായി നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്റർ (എന്‍.ബി.എഫ്.സി) എല്ലാ മാസവും സംഘടിപ്പിക്കുന്ന ത്രിദിന സൗജന്യ സംരംഭകത്വ പരിശീലനത്തിന്റെ (റെസിഡൻഷ്യൽ) ഭാഗമായുളള ആദ്യ ബാച്ചിന്റെ പരിശീലനം പൂര്‍ത്തിയായി. എറണാകുളം കളമശ്ശേരിയിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് (KIED) ക്യാമ്പസില്‍ ജൂൺ 24 മുതൽ 26 വരെയായിരുന്നു പരിശീലനം. പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കും കേരളത്തിൽ സംരംഭങ്ങൾ തുടങ്ങാൻ ആവശ്യമായ അറിവും കഴിവും നൽകുന്നതിനായി രൂപകൽപ്പന ചെയ്തതാണ് പരിശീലന പരിപാടി. ആദ്യ ബാച്ചിൽ 28 പേർ പങ്കെടുത്തു. പരിശീലന പരിപാടി ജൂൺ 24-ന് രാവിലെ 10 മണിക്ക് KIED ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും എക്സിക്യൂട്ടീവ് ഡയറക്ടറുമായ സജി എസ്. ഉദ്ഘാടനം ചെയ്തു. നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്റർ മാനേജർ സുരേഷ് കെ.വി. അധ്യക്ഷത വഹിച്ചു. നോർക്ക റൂട്ട്സ് എറണാകുളം സെന്റർ അസിസ്റ്റന്റ് രശ്മികാന്ത്. ആർ. നോർക്ക റൂട്ട്സ് പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു.

മൂന്ന് ദിവസത്തെ പരിശീലന പരിപാടിയിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയായിരുന്നു ക്ലാസ്സുകൾ സജ്ജീകരിച്ചിരുന്നത്. ലൈസൻസിംഗ്, സർക്കാർ സഹായങ്ങൾ, മാർക്കറ്റിംഗ്, കയറ്റുമതി-ഇറക്കുമതി നടപടിക്രമങ്ങൾ, GST, ടാക്സേഷൻ, ബാങ്ക് വായ്പകൾ, പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കൽ തുടങ്ങിയ വിഷയങ്ങളിൽ അതാത് മേഖലയിലെ വിദഗ്ദ്ധർ ക്ലാസുകൾ നയിച്ചു. പരിശീലനത്തിൽ പങ്കെടുത്തവർക്ക് താമസം ഭക്ഷണം ഉൾപ്പടെയെല്ലാ സൗകര്യങ്ങളും സൗജന്യമായിട്ടാണ് നൽകിയത്. ജൂലൈ 15 മുതല്‍ 17 വരെ സംഘടിപ്പിക്കുന്ന രണ്ടാമത്തെ ബാച്ചില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ ജൂലൈ 10 നകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഇതിനായി 0471-2770534/+91-8592958677 (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) എന്നീ നമ്പറുകളിലോ nbfc.coordinator@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ജൂലൈ 10 നകം ബന്ധപ്പെടേണ്ടതാണ്. സംരംഭങ്ങൾ ആരംഭിക്കാൻ നടപടികൾ സ്വീകരിച്ചവരെയും, സംരംഭങ്ങൾ ആരംഭിച്ചവർക്കുമാണ് പ്രവേശനം ലഭിക്കുക.