കുവൈത്ത് സിറ്റി: ഒത്തൊരുമയുടെയും സന്തോഷത്തിന്റെയും ആഘോഷമായി കുവൈത്ത് ലുലുവിന്റെ ‘ഓണം ഇവിടെയാണ്’ ഓണാഘോഷം. അൽ റായ് ഔട്ട്ലറ്റിൽ നടന്ന ആഘോഷം ചെണ്ടമേളവും പുലികളിയും മാവേലി വരവും വിവിധ മത്സരങ്ങളുമായി വർണാഭമായി. ലുലു കുവൈത്ത് ഉന്നത മാനേജ്മെന്റ് പ്രതിനിധികൾ ചേർന്ന് ആഘോഷം ഉദ്ഘാടനം ചെയ്തു. തിരുവാതിര, കൈകൊട്ടിക്കളി, കേരളീയ ശാസ്ത്രീയ നൃത്തങ്ങൾ എന്നിവയുൾപ്പെടെയുള്ള പരമ്പരാഗത കലാരൂപങ്ങൾ കേരളീയ കലകളുടെ പുനരാവിഷ്കാരമായി. പൂക്കളം മത്സരം, പായസമേള മത്സരം, ഗ്രൂപ് ഗാനമത്സരം എന്നിവയും സംഘടിപ്പിച്ചു. പൂക്കളം മത്സരത്തിൽ 15ലധികം ടീമുകൾ പങ്കെടുത്തു. ഒന്നാംസ്ഥാനം നേടിയ ടീമിന് 150 ദീനാറിന്റെ ഗിഫ്റ്റ് വൗച്ചറും രണ്ടാംസ്ഥാനത്തിന് 125, മൂന്നാം സ്ഥാനത്തിന് 100 ദീനാർ എന്നിങ്ങനെയുള്ള ഗിഫ്റ്റ് വൗച്ചർ സമ്മാനമായി ലഭിച്ചു. പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങളും ലഭിച്ചു. പായസമേള മത്സര വിജയികൾക്ക് യാഥാക്രമം 100, 75, 50 ദീനാറിന്റെ ഗിഫ്റ്റ് വൗച്ചറുകൾ ലഭിച്ചു. ഓണം സംഘഗാന മത്സരത്തിൽ 15ലധികം ടീമുകൾ പങ്കെടുത്തു. വിജയികൾക്ക് യഥാക്രമം 100, 75, 50 ദീനാർ വിലയുള്ള ഗിഫ്റ്റ് വൗച്ചറുകൾ ലഭിച്ചു. ലുലുവിന്റെ ഉന്നത മാനേജ്മെന്റ് പ്രതിനിധികൾ വിജയികൾക്ക് സമ്മാനങ്ങൾ കൈമാറി. ആഘോഷ ഭാഗമായി പച്ചക്കറികൾ, പലചരക്ക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ, അവശ്യവസ്തുക്കൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, വസ്ത്രങ്ങൾ എന്നിവക്ക് വൻ ഓഫറുകൾ പ്രഖ്യാപിച്ചിരുന്നു. 25 വിഭവങ്ങൾ അടങ്ങുന്ന ഓണം സദ്യ, പത്തിലധികം ഇനം പായസങ്ങൾ എന്നിവയും ലഭ്യമാക്കിയിരുന്നു.