മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ കനത്ത മഴയ്ക്കിടയിലും ജനങ്ങൾ ആവേശത്തോടെ വോട്ട് ചെയ്തു. ഇതുവരെയുള്ള കണക്കനുസരിച്ച് 73.26% വോട്ടിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ രാവിലെയുണ്ടായ മഴ കാരണം തുടക്കത്തിൽ വോട്ടിംഗ് വേഗത കുറഞ്ഞിരുന്നെങ്കിലും ഉച്ചയോടെ ശതമാനം ഗണ്യമായി ഉയർന്നു. നഗരസഭ മേഖലകളിൽ ഉയർന്ന വോട്ടിംഗ് ശതമാനം രേഖപ്പെടുത്തിയെങ്കിലും എടക്കര പഞ്ചായത്തിൽ ഏറ്റവും കുറഞ്ഞ വോട്ടിംഗമാണ് നടന്നത്. ആദിവാസി മേഖലകളിൽ ഉച്ചയ്ക്ക് ശേഷം വോട്ടിംഗ് ശതമാനം കുതിച്ചുയർന്നു. 2021-ലെ തിരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിൽ 75.23% വോട്ടിംഗ് രേഖപ്പെടുത്തിയിരുന്നു.
പ്രധാന മുന്നണി സ്ഥാനാർഥികൾ ഉൾപ്പെടെ ആകെ പത്ത് പേർ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു.ജൂൺ 23-നാണ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത്.
എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് മാങ്കുത്ത് എൽപി സ്കൂളിലും, യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവൺമെന്റ് എൽപി സ്കൂളിലും, ബിജെപി സ്ഥാനാർഥി മോഹൻ ജോർജ് ചുങ്കത്തറ മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിലും വോട്ട് ചെയ്തു. ചുങ്കത്തറ-കുറന്പലങ്കോട് പ്രദേശത്ത് എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി ഉണ്ടായിരുന്നെങ്കിലും മൊത്തത്തിൽ തിരഞ്ഞെടുപ്പ് സമാധാനപരമായി നടന്നു. തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി 1,200 പോലീസുകാരെയും കേന്ദ്ര സേനയെയും നിയോഗിച്ചിരുന്നു.
നിലമ്പൂരിൽ 30,000-ത്തോളം വോട്ടുകൾക്ക് ജയിക്കുമെന്ന് പി.വി. അൻവർ പ്രതികരിച്ചു. പിണറായി വിജയനെതിരെയുള്ള വോട്ടുകൾ എൽഡിഎഫിൽ നിന്ന് തനിക്ക് ലഭിക്കുമെന്നും മുന്നണികൾക്കെതിരെ ജനാഭിപ്രായമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും വിജയം ഉറപ്പാണെന്നും പ്രതികരിച്ചു. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിൽ ചരിത്ര വിജയം നേടുമെന്ന് പ്രതീഷിച്ചു.