നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഉടൻ നടത്താൻ ആവശ്യപ്പെട്ട് പി.വി അൻവർ.

0
125

മലപ്പുറം:നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വേഗം നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പിവി അൻവർ കത്ത് നൽകി. ഉടൻ തിരഞ്ഞെടുപ്പ് നടത്തണമെന്നും അല്ലാത്തപക്ഷം ഹൈക്കോടതിയിൽ നിയമനടപടി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് അൻവറിന്റെ രാഷ്ട്രീയ ഭാവിയെ ബാധിക്കുന്ന ഒന്നാണ്. മുന്നണിയിൽ ചേരുന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെങ്കിലും ഇതിനായി യുഡിഎഫിന് മുന്നിൽ രണ്ട് നിബന്ധനകൾ വെച്ചിരുന്നു – താൻ നിർദ്ദേശിക്കുന്ന വ്യക്തിയെ സ്ഥാനാർത്ഥിയാക്കുക അല്ലെങ്കിൽ തനിക്ക് മുന്നണി പ്രവേശനം നൽകുക.

എന്നാൽ തൃണമൂൽ കോൺഗ്രസ് അംഗമായ അൻവറെ യുഡിഎഫ് മുന്നണിയിലെ ഘടകപാർട്ടിയായി കണക്കാക്കാൻ തയ്യാറല്ല. ഹൈക്കമാൻഡിൽ നിന്ന് അനുമതി ലഭിച്ചാൽ, തൃണമൂൽ കോൺഗ്രസിനെ സംസ്ഥാനത്തെ അസോസിയേറ്റ് പാർട്ടിയാക്കാൻ യുഡിഎഫിന് ഉദ്ദേശമുണ്ട്. അസോസിയേറ്റ് പാർട്ടി മുന്നണിയിലെ പൂർണ്ണ അംഗമല്ല. നിലവിൽ ആർഎംപി മാത്രമാണ് യുഡിഎഫിലെ അസോസിയേറ്റ് പാർട്ടി. ഈ വിഷയത്തിൽ തീരുമാനമെടുക്കാൻ യുഡിഎഫ് യോഗം പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.