വയനാട് :താമരശ്ശേരി ഷഹബാസ് വധക്കേസിൽ കുറ്റാരോപിതരായ ആറ് വിദ്യാർത്ഥികളുടെ SSLC പരീക്ഷാഫലം തടഞ്ഞു.ജുവനൈൽ ഹോമിലെ പ്രത്യേക പരീക്ഷാകേന്ദ്രത്തിൽ നടന്ന പരീക്ഷയ്ക്ക് ഇവർ പങ്കെടുത്തത് വൻവിവാദമായിരുന്നു. കുറ്റാരോപിതരെ പരീക്ഷയ്ക്ക് അനുവദിക്കുന്നതിനെതിരെ കെഎസ്‌യുവും എംഎസ്എഫും ശക്തമായ പ്രതിഷേധം മുന്നോട്ടുവച്ചിരുന്നു. പിന്നീട് വിദ്യാർത്ഥികളുടെ പരീക്ഷാകേന്ദ്രം വെള്ളിമാടിക്കുന്നിലെ ജുവനൈൽ ഹോമിലേക്ക് മാറ്റിയതോടെയാണ് പരീക്ഷ നടന്നത്.
താമരശ്ശേരിയിലെ ഒരു ട്യൂഷൻ സെന്ററിൽ ഉണ്ടായ വിവാദത്തിന്റെ തുടർച്ചയായാണ് 15കാരൻ ഷഹബാസ്ന്റെ ജീവൻ നഷ്ടമായത് . ട്രിസ് ട്യൂഷൻ സെന്ററിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി നടന്ന സെന്റ് ഓഫ് പരിപാടിയിൽ, ഷഹബാസ് പഠിച്ചിരുന്ന എളേറ്റ് എം.ജെ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളുടെ ഡാൻസ് പ്രദർശനം അപ്രതീക്ഷിതമായി തടസ്സപ്പെട്ടതോടെ സംഘർഷം തുടങ്ങി. താമരശ്ശേരി ഗവൺമെന്റ് സ്കൂളിലെ വിദ്യാർത്ഥികൾ കൂകി വിളിക്കുകയും രണ്ട് സ്കൂളുകളിലെയും വിദ്യാർത്ഥികൾ തമ്മിൽ വാക്കുവഴക്കും ശാരീരിക ഏറ്റുമുട്ടലുമുണ്ടാകുകയും ചെയ്തു. അധ്യാപകർ ഇടപെട്ട് സാഹചര്യം ശമിപ്പിച്ചെങ്കിലും, പിന്നീടുണ്ടായ ഒരു സംഘർഷത്തിൽ ഷഹബാസിന് തലയ്ക്ക് ഗുരുതരമായ പരിക്കേൽക്കുകയും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആന്തരിക രക്തസ്രാവത്തെത്തുടർന്ന് മരണമടയുകയും ചെയ്തു.
ഈ സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പ്രായപൂർത്തിയാകാത്തവരെയാണ് പോലീസ് കുറ്റാരോപിതരായി റിപ്പോർട്ട് ചെയ്തത്. കേസിന്റെ വിചാരണ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിലാണ് നടക്കുന്നത്.






























