കവിതയുടെ ടാഗുള്ള വിൽസൻ: ജിനേഷ് മടപ്പള്ളി പുരസ്കാരം ലഭിച്ച കുഴൂർ വിത്സനുമായ് അഭിമുഖം

ഴിഞ്ഞ കൊല്ലം വിട പറഞ്ഞ ജിനേഷ് മടപ്പള്ളിയുടെ പേരിലുള്ള പുരസ്കാരം ഏറ്റ് വാങ്ങിയ കവി കുഴൂർ വിത്സൻ തന്റെ കവിതയെ പറ്റി, ജീവിതത്തെ പറ്റി ഹരിശങ്കരനുമായ് സംസാരിക്കുന്നു. പ്രവാസിയായിരുന്ന വിത്സൻ മാധ്യമപ്രവർത്തകനാണ്.

ഹരിശങ്കരൻ: സമ്മാനിതനായ കവിക്ക് ആദ്യമെ തന്നെ അനുമോദനങ്ങൾ. അച്ചടിമലയാളം നാട് കടത്തിയെങ്കിലും കവിയും കവിതയും മുന്നോട്ട് പോവുന്നു. ഇപ്പോൾ പൊതുസ്വീകാര്യതയും പരിഗണനയും ലഭിക്കയും ചെയ്യുന്നുണ്ട്. ഈ മാറ്റത്തെ എങ്ങനെ നോക്കി കാണുന്നു.

കുഴൂർ: ഹരിയുടെ അനുമോദനങ്ങള്‍ക്ക് നന്ദി. പുരസ്ക്കാരം കിട്ടിയ പുസ്തകമായ കുടപ്പന്റെ ടാഗുള്ള അരഞ്ഞാണത്തിനു മുന്‍പ് എഴുതിയ ഒരു കവിതാപുസ്തകം ഇറങ്ങാനുണ്ട് എന്ന് ഹരിശങ്കരനു അറിയാമല്ലോ. അതിനു അവതാരിക എഴുതി വച്ചിരിക്കുന്നതും ഹരിയാണു. അത് കൊണ്ട് തന്നെ, പുതിയ തലമുറയിലെ ഞാന്‍ ഇഷ്ടപ്പെടുന്ന ഒരു കവിയില്‍ നിന്ന് അനുമോദനം കിട്ടുന്നതില്‍ കൂടുതല്‍ സന്തോഷമുണ്ട്.

അച്ചടി മലയാളം നാടുകടത്തിയ കവിതകള്‍ എന്നത് ബ്ലോഗിന് ഇട്ട തലക്കെട്ടാണ്. ആ തലക്കെട്ടില്‍ തന്നെ എല്ലാം ഉണ്ട് എന്ന് തോന്നുന്നു. പൊതുസ്വീകാര്യത എന്നത് ചെറുതായി വീര്‍പ്പുമുട്ടിക്കുന്നുണ്ട്. പുരസ്ക്കാരം എന്നാല്‍ കനം എന്നും അര്‍ത്ഥമുണ്ട്. കനമില്ലാത്ത ഒരു കാവ്യജീവിതമാണ് എനിക്കിഷ്ടം എന്നാണ് തോന്നുന്നത്. ജിനേഷ് മടപ്പള്ളിയുടെ പേരിലുള്ള അവാര്‍ഡ് സന്തോഷം തന്നു. മുതിര്‍ന്ന കവികള്‍ എന്നെ അംഗീകരിക്കുന്നു എന്നുള്ളതും കാര്യമാണു. കഴിഞ്ഞ പതിനൊന്ന് വര്‍ഷങ്ങളില്‍ വിരലില്‍ എണ്ണാവുന്ന കവിതകള്‍ മാത്രമാണു അച്ചടിച്ചത്. എന്നിട്ടും വലിയ ഒരു അവാര്‍ഡിലേക്ക് എത്താന്‍ കഴിഞ്ഞു എന്നുള്ളത് ചെറിയ കാര്യം അല്ല എന്ന് തോന്നുന്നു. നവമാദ്ധ്യമങ്ങളിലെ എഴുത്തുകളിലൂടെയാണു എന്റെ കവിത പോകുന്നത്. ഈ സമയത്ത് അമ്പതിനായിരം എന്ന ദ്രവ്യവും ആശ്വാസമായി.

ഹരിശങ്കരൻ: കവിയുടെ ടെമ്പിൾ ഓഫ് പൊയട്രി സ്വപ്നങ്ങൾ ഇപ്പോൾ എങ്ങനെ പോവുന്നു.

കുഴൂർ: ടെമ്പിള്‍ ഓഫ് പോയട്രി ഒരു ആജീവനാന്തസ്വപ്നമാണ്. അത് ഭാഗികമായി നടപ്പാക്കി കൊണ്ടിരിക്കുന്നു. ഇപ്പോള്‍ അതിന്റെ ആസ്ഥാനം കുഴൂരിലെ വീട് തന്നെയാണു. ഇടയ്ക്ക് കവിതാ വാ‍യനകള്‍ നടക്കുന്നുമുണ്ട്. കവിതാമരങ്ങള്‍ക്കായി ഇപ്പോള്‍ ടെമ്പിള്‍ ഓഫ് പോയട്രിയില്‍ അന്നാലയം ഞാറ്റുകണ്ടവും പ്രവര്‍ത്തിക്കുന്നു. ഡി അനില്‍ കുമാര്‍, അജീഷ് ദാസന്‍ തുടങ്ങിയവര്‍ ഈ വര്‍ഷത്തില്‍ കവിതയുടെ അമ്പലത്തില്‍ കവിത വായിക്കാന്‍ വന്നിരുന്നു. അത് ജീവിതകാലം മുഴുവന്‍ തുടരും. നല്ല അടിത്തറ ആവുകയാണെങ്കില്‍ മരണശേഷവും.

ഹരിശങ്കരൻ: പുതിയ പുസ്തകങ്ങളുടെ വാർത്തകളെന്താണ്?

കുഴൂർ: സ്പാനിഷ്, പോര്‍ച്ചുഗല്‍, ഡച്ച് ഭാഷകളില്‍ ഉള്‍പ്പടെ ഇപ്പോള്‍ 17 പുസ്തകങ്ങള്‍ ആണുള്ളത്. അവസാനമായി പുറത്തിറങ്ങിയത് പച്ച പോലത്തെ മഞ്ഞയാണു. കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ എഴുതിയ പ്രണയകവിതകളുടെ മാത്രം സമാഹാരമാണത്. 2012 ല്‍ ഇറങ്ങിയ കുഴൂര്‍ വിത്സന്റെ കവിതള്‍ക്ക് ശേഷം എഴുതിയ കവിതകളുടെ സമാഹാരം – ഇന്ന് ഞാന്‍ നാളെനീയാന്റപ്പന്‍ എന്ന പുസ്തകം പെന്‍ഡിംഗില്‍ ആണ്. അന്‍വര്‍ അലിയുടെ അവതാരികക്കും, സജയ് കെവിയുടെ പഠനത്തിനുമായി കാത്തിരുന്നാണു അത് ഇത്രയും വൈകിയത്. 2012 മുതല്‍ 2015 വരെ എഴുതിയ കവിതകളാണ് ആ പുസ്തകത്തില്‍. തിന്താരു, രണ്ട് പേര്‍ ലോകമുണ്ടാക്കി കളിക്കുന്ന പതിനൊന്നര മണി, 4.35 പിഎം തുടങ്ങി ഒട്ടേറെ പ്രിയപ്പെട്ട കവിതകള്‍ ആ പുസ്തകത്തില്‍ ഉണ്ട്. എനിക്ക് വലിയ ആത്മവിശ്വാസം ഉള്ള പുസ്തകമാണത്. അത് ഈ വര്‍ഷം ഇറങ്ങു. ലോഗോസ് ആണു പ്രസാധകര്‍.

മറ്റൊന്ന് മരയാളം എന്ന സമാഹാരമാണ്. മുപ്പത്തിയഞ്ചോളം മരക്കവിതകള്‍ ഇത് വരെ എഴുതിയിട്ടുണ്ട്. അതിന്റെ സമാഹാരമാണ് മരയാളം. കവിയും അദ്ധ്യാപകനുമായ വി അബ്ദുള്‍ ലത്തീഫാണു മരയാളം എഡിറ്റ് ചെയ്യുന്നത്. നാട്ടുകാരനായ ടിസി നാരയാണന്‍ മാഷുടെ വരയാണ് മരയാളത്തില്‍. പ്രസാധകനെ തീരുമാനിച്ചില്ല. കവിതയ്ക്ക് പുറത്ത് ഒരു പുസ്തകം വൈകാതെ വരും. മരങ്ങളില്ലാത്ത കാട്ടില്‍ എന്നാണ് തലക്കെട്ട്. 41 ദിവസത്തെ ദുബായ് അജ്മാന്‍ ജയില്‍ ജീവിതമാണ് ഇതിവൃത്തം.

അവാര്‍ഡ് കിട്ടിയ കുടപ്പന്റെ ടാഗുള്ള അരഞ്ഞാണം ഇപ്പോള്‍ ആമസോണില്‍ ലഭ്യമാണു. ഇ ഉള്‍പ്പടെയുള്ള എല്ലാ പുസ്തകങ്ങളും ആമസോണില്‍ ലഭ്യമാക്കാനുള്ള പണികളും നടത്തി വരുന്നു.

ഹരിശങ്കരൻ: സോഷ്യൽ മീഡിയ കവിത എഴുതിയിടാൻ കൊള്ളാത്തൊരിടമായ് മാറിയൊ?

കുഴൂർ: എനിക്കങ്ങനെ തോന്നിയിട്ടില്ല. ഞാന്‍ കവിത വായിക്കുന്നത് മിക്കപ്പോഴും നവമാദ്ധ്യമങ്ങളില്‍ മാത്രമാണ്.

ഹരിശങ്കരൻ: കവിതാമോഷണങ്ങൾ വലിയ വിവാദമായല്ലൊ. മോഷ്ടിക്കാനൊ മോഷ്ടിക്കപ്പെടാനൊ തോന്നിയിട്ടുണ്ടൊ?

കുഴൂർ: നല്ലതാണ് മിക്കവാറും ആളുകള്‍ മോഷ്ടിക്കുക. അത് കൊണ്ട് അനുകരിക്കപ്പെടുന്നത് അംഗീകാരം തന്നെയാണ്. എന്നാല്‍ ഒറിജിനിലിനേക്കാള്‍ വ്യാജനു കീര്‍ത്തി ലഭിക്കുമ്പോള്‍ സങ്കടം തോന്നും. മറ്റെന്ത് മോഷ്ടിക്കാന്‍ തോന്നിയാലും കവിത മോഷ്ടിക്കാന്‍ തോന്നിയിട്ടില്ല. ജീവിതകാലം മുഴുവന്‍ കഴിയാനുള്ള കവിത കയ്യില്‍ ഉണ്ടെന്നുള്ള ആത്മവിശ്വാസമാണ് അതിന് കാരണം.

ഹരിശങ്കരൻ: ജിനേഷിന്റെ ജീവിതവും രോഗാവസ്ഥയും മരണവും അതിന്റെ വിഷാദപശ്ചാത്തലവും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സമൂഹവും പങ്ക് വെക്കുന്നുണ്ട്. കവിതയുടെ മതത്തിൽ നിന്നും അതെങ്ങനെ നോക്കിക്കാണുന്നു.

കുഴൂർ: വടകര എന്ന സ്ഥലത്തെ അറിഞ്ഞാലെ, നമുക്ക് ജിനേഷിനെ മനസ്സിലാകൂ. സമ്മാനം വാങ്ങാന്‍ പോയപ്പോള്‍, എനിക്കത് കൂടുതല്‍ ബോധ്യമായി. വടകരക്കാര്‍ക്ക് കവിത ഒരു മതം പോലുമാണ്. വടകര, നെടുമങ്ങാട് തുടങ്ങിയ മലയാളത്തിലെ കവിതാ ഗ്രാമങ്ങളുടെ മന:ശാസ്ത്രവും വേറെയാണു എന്ന് തോന്നുന്നു. ജിനേഷിനു രോഗമില്ലായിരുന്നെങ്കില്‍, അയാള്‍ക്ക് ആ നാട്ടില്‍ നിന്നും കുറച്ചെങ്കിലും പുറത്ത് കടക്കാന്‍ പറ്റിയിരുന്നെങ്കില്‍ ജിനേഷിന്റെ ജീവചരിത്രം മറ്റൊന്നാകുമായിരുന്നു.

(ചിത്രം: ആദി നന്ദ)