കൂടുതൽ പാകിസ്ഥാൻ തൊഴിലാളികളെ നിയമിക്കും: പാം

കുവൈത്ത് സിറ്റി : കുവൈത്തിൽ തൊഴിലെടുക്കുന്ന പാകിസ്ഥാൻ തൊഴിലാളികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിൽ അനുകൂല നിലപാടുമായി മാനവവിഭവശേഷി മന്ത്രാലയം. പാകിസ്ഥാൻ അംബാസിഡറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കൂടുതൽ തൊഴിൽ അവസരങ്ങൾ നൽകി സഹകരിക്കാൻ തയ്യാറാണെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവർ ഡയറക്ടർ ജനറൽ അഹ്മദ് അൽ മൂസ പറഞ്ഞത്. വിദഗ്ധരായ പാകിസ്താൻ തൊഴിലാളികളെ ആകർഷിക്കുന്നതിന് കൂടുതൽ ഫലപ്രദമായ സംവിധാനങ്ങൾ സൃഷ്ടിക്കുമെന്നും,രാജ്യത്തെ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് അവശ്യ നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

പാം ആസ്ഥാനത്തെത്തിയ കുവൈത്തിലെ പാകിസ്ഥാൻ അംബാസഡർ സയ്യിദ് സഞ്ജദ് ഹൈദരുമായും മിഷൻ ഡെപ്യൂട്ടി ഹെഡ് ടി. ഏലിയാസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് അഹമ്മദ് അൽ മുസ ഇക്കാര്യം വ്യക്തമാക്കിയത്.പാകിസ്ഥാനും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും പാക്കിസ്ഥാൻ തൊഴിലാളികളുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് ചർച്ച ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

കുവൈത്തിലെ പാകിസ്ഥാൻ തൊഴിലാളികളുടെ ശതമാനം വർദ്ധിക്കണമെന്ന് ആഗ്രഹിക്കുന്നതായി അറിച്ച അംബാസഡർ കുവൈത്തിലെ തൊഴിൽ കമ്പോളത്തിന് ആവശ്യമായ എല്ലാ വൈദഗ്ധ്യവും നൈപുണ്യവും ഉള്ള തൊഴിലാളികളെ നൽകാൻ തന്റെ രാജ്യം തയ്യാറാണെന്നും ചൂണ്ടിക്കാട്ടി.