KIA യിൽ എത്തുന്ന യാത്രക്കാരുടെ പിസിആർ പരിശോധന ചുമതല വിമാനക്കമ്പനികൾക്ക്

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരുന്ന യാത്രക്കാരുടെ പിസിആർ പരിശോധനക്കുള്ള ചുമതല വിമാനക്കമ്പനികൾക്ക് നൽകുമെന്ന് ഭവന നിർമ്മാണ മന്ത്രിയും സേവനകാര്യ സഹമന്ത്രിയുമായ ഡോ. അബ്ദുല്ല മറാഫി പറഞ്ഞു. പരിശോധനകൾക്കായി എയർപ്പോർട്ടിൽ ഏർപ്പെടുത്തിയ സജ്ജീകരണങ്ങളും തയ്യാറെടുപ്പുകളും നേരിട്ടെത്തി പരിശോധിച്ച ശേഷം
KUNA യ്ക്ക് നൽകിയ പത്രക്കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചത്.

കോവിഡ് -19 പ്രതിസന്ധിയുടെ ആരംഭം മുതൽ കഠിനമായ പ്രയത്നം ആണ് ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ജീവനക്കാർ നടത്തുന്നത്, ഇവരുടെ ജോലി ഭാരം ലഘൂകരിക്കുന്നതിനായാണ് കെ‌എ‌എയിൽ എത്തുന്ന യാത്രക്കാരെ പിസിആർ പരിശോധനക്കുള്ള ചുമതല വിമാനക്കമ്പനികൾക്ക് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തെ ഗ്രൗണ്ട് സർവീസ് കമ്പനികളുമായും പ്രാദേശിക ലബോറട്ടറികളുമായും സഹകരിച്ച് വിമാനക്കമ്പനികൾ യാത്രക്കാരുടെ പിസിആർ പരിശോധനകൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.