കണ്ണൂർ:ഇന്ത്യ-പാക് അതിർത്തിയിൽ സംഘർഷം തീവ്രമാകുന്ന പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികൾ ലഘൂകരിക്കാൻ തീരുമാനിച്ചു. ഓൺലൈൻ വഴി അടിയന്തരമായി ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. ഇതോടെ സംസ്ഥാനമെമ്പാടും ജാഗ്രതാ നിർദ്ദേശങ്ങൾ നൽകാനും യോഗം തീരുമാനിച്ചു.
രാജ്യം ഇപ്പോൾ അതീവ ഗുരുതരമായ സാഹചര്യത്തെ നേരിടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു. “നിലവിലെ സംഘർഷ സാഹചര്യത്തിൽ എല്ലാ ഇന്ത്യക്കാരും ഐക്യപ്പെട്ട് രാജ്യത്തിനൊപ്പം നിൽക്കേണ്ട സമയമാണിത്. പാകിസ്ഥാന്റെ ആക്രമണ ശ്രമങ്ങൾക്കെതിരെ ഇന്ത്യ ശക്തമായി പ്രതിരോധിക്കുന്നു” എന്ന് അദ്ദേഹം കണ്ണൂർ ജില്ലാതലയോഗത്തിൽ സംസാരിക്കെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.