പരസ്യങ്ങള്‍ വെറും തന്ത്രങ്ങളാണ് എന്ന് നമുക്കെല്ലാം അറിയുന്ന കാര്യമാണ്. സ്വന്തം ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ വേണ്ടി നിമിഷമെണ്ണി ലക്ഷങ്ങള്‍ മുടക്കാന്‍ ഉല്‍പ്പാദകര്‍ തയാറാകുന്നത് ഉപഭോക്താക്കളെ സ്വാധീനിക്കാന്‍ തന്നെയാണ്. കയ്ക്കുന്ന നുണകളെ മനോഹരമായ കടലാസില്‍ പൊതിഞ്ഞു നീട്ടുമ്പോള്‍ ആവശ്യകതയെക്കാലുപരി ഭ്രമിച്ചുപോകുന്ന മനസ്സുനീട്ടി നമ്മളത് വാങ്ങിയിരിക്കും. ആഡംബര വസ്തുക്കളുടെയും നിത്യോപയോഗവസ്തുക്കളുടെയും പൊതികള്‍ ഒരുപരിധിവരെ നമ്മുടെ പോക്കറ്റിനെ മാത്രമാണ് കീഴടക്കുന്നത്. എന്നാല്‍ ആഹാരസാധനങ്ങളിലും രോഗശാന്തിക്കുള്ള മരുന്നുകളിലും ഇത്തരം കാപട്യങ്ങള്‍ നിറയുമ്പോള്‍ നഷ്ടമാകുന്നത് നമ്മുടെ ആരോഗ്യവും ഒരുപക്ഷെ ജീവനും കൂടിയാണ്. എങ്ങനെയും അസുഖം മൂലമുള്ള ബുദ്ധിമുട്ടുകള്‍ മാറിക്കിട്ടാനുള്ള വ്യഗ്രതയും പുറത്തുപോയി ഡോക്ടറെക്കണ്ട് (വെറുതെകളയുന്നതായാല്‍പ്പോലും) ഒരു ദിവസം മെനക്കെടാനുള്ള മടിയും മൂലം നഷ്ടമാകുന്നത് വെറും പണം മാത്രമല്ലെന്ന തിരിച്ചറിവ് ഇനിയെന്നാണ് നമുക്കുണ്ടാകാന്‍ പോകുന്നത്. സ്വയം ചികിത്സയെന്ന അപകടത്തെക്കുറിച്ച് ഒരു ഡോക്ടര്‍ പറയുന്നതൊന്നു കേള്‍ക്കൂ…..
Dr. Lal Sadasivan ന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
കഴിഞ്ഞമാസം നാട്ടിൽ വന്നപ്പോൾ പ്രതീക്ഷിക്കാത്ത ചില തിരക്കുകളിൽ പെട്ടുപോയി. അതുകൊണ്ട് കാണണമെന്ന് വിചാരിച്ചിരുന്ന പലരെയും കാണാൻ പറ്റിയില്ല. എങ്കിലും സുഖമില്ലാതിരുന്ന ചില ബന്ധുക്കളെയും സുഹൃത്തുക്കളെയും സമയമുണ്ടാക്കി പോയിക്കണ്ടു.
അമ്മയുടെ നാട്ടിലാണ് ഏറ്റവും ഇളയ അമ്മാവൻ താമസിക്കുന്നത്. തിരുവനന്തപുരത്തു നിന്നും അമ്പതു കിലോമീറ്റർ അകലെ. കൊല്ലം ജില്ലയിലെ ഒരു കിഴക്കൻ ഗ്രാമമായ കടയ്ക്കൽ. അദ്ദേഹത്തെ അവിടെപ്പോയി കാണാതിരിക്കാൻ കഴിയുമായിരുന്നില്ല. ഞങ്ങളോടൊപ്പം തിരുവനന്തപുരത്ത് താമസിച്ച് കുട്ടിക്കാലത്ത് എന്നെയും അനിയത്തിയേയും വളർത്താൻ സഹായിച്ചയാൾ. അച്ഛനും അമ്മയും തിരക്കുള്ള ഉദ്യോഗസ്ഥരായിരുന്നു. ഞങ്ങൾക്കായി, പ്രത്യേകിച്ച് പകൽ സമയങ്ങളിൽ, അച്ഛൻറെയും അമ്മയുടെയും ഉത്തരവാദിത്തങ്ങൾ ഒരുമിച്ചു നിർവഹിച്ച അമ്മാവൻ. കുളിപ്പിക്കുകയും, ഉടുപ്പിക്കുകയും, വേവിച്ചു വിളമ്പി വാരിത്തരുകയും ചെയ്തിരുന്ന അമ്മാവൻ. അതുകൊണ്ടുതന്നെ കുറച്ചുകാലം സ്വയം ജീവിക്കാനും മറന്നുപോയിട്ടുള്ള മനുഷ്യൻ. നല്ല മനസ്സിൻറെ ഉടമ.
ആ അമ്മാവൻ ഹൃദയ ശസ്ത്രക്രിയയ്ക്കുശേഷം വീട്ടിൽ വിശ്രമത്തിലായിരുന്നു. രണ്ടുമാസമേ ആയിരുന്നുള്ളൂ ശസ്ത്രക്രിയ കഴിഞ്ഞിട്ട്. നാട്ടിൽ ജീവിക്കുന്ന എൻറെ കസിൻ ഡോക്ടർമാരും ഇവിടെ നിന്ന് ഞാനും അമ്മാവൻറെ ചികിത്സ ഏർപ്പാടാക്കുന്നതിൽ നിരന്തരമായ ഇടപെടലുകൾ നടത്തിയിരുന്നു. ശസ്ത്രക്രിയ ചെയ്തത് എൻറെ സുഹൃത്ത് ഡോ: ചിത്രയുടെ ഭർത്താവായിരുന്നു. അതിനാൽ ഫോണിൽത്തന്നെ അപ്പപ്പോൾ കാര്യങ്ങൾ അറിയാനും കഴിഞ്ഞിരുന്നു. അമ്മാവൻറെ സുഖ വിവരം അന്വേഷിക്കാനാണ് ഞാൻ കടയ്ക്കൽ എത്തിയത്.
അമ്മാവൻറെ ഹൃദയ സംബന്ധമായ രോഗങ്ങൾ മാറിയിരിക്കുന്നു. നെഞ്ചിനുപുറത്തെ വലിയ മുറിവും നന്നായി ഉണങ്ങിയിരിക്കുന്നു. പക്ഷേ, എന്നെക്കണ്ട സന്തോഷത്തിനിടയിലും അദ്ദേഹത്തിന് ഒരു അവശത. എന്നോട് സംസാരിക്കാൻ കഴിയുന്നില്ല. ഞാൻ കാരണം ചോദിച്ചു. ഉത്തരം പറയാൻ ശ്രമിക്കുമ്പോൾ വലിയ ചുമ. പേടിപ്പിക്കുന്ന ചുമ. ഞാൻ സമയമെടുത്ത് കാര്യങ്ങൾ അന്വേഷിച്ചു. അദ്ദേഹത്തിന് ചുമ തുടങ്ങിയിട്ട് ആഴ്ച മൂന്നായിരിക്കുന്നു. കട്ടിയായ മഞ്ഞ കഫവും ഉണ്ടെന്നു പറഞ്ഞു. എൻറെ ബാഗിൽ സ്റ്റെതസ്കോപ് ഉണ്ടായിരുന്നു. പരിശോധനയിലും ശ്വാസകോശത്തിൽ അണുബാധയുടെ ലക്ഷണങ്ങൾ കണ്ടു.
“എന്താ ഇതുവരെ ഡോക്ടറെ കാണാതിരുന്നത്?” ഞാൻ അൽപ്പം പരിഭവത്തോടെ ചോദിച്ചു.
“ചുമയ്‌ക്കുള്ള മരുന്ന് കഴിക്കുന്നുണ്ട്.” സൗമ്യശീലയായ അമ്മായിയാണത് പറഞ്ഞത്. വളരെ ആത്മവിശ്വാസത്തോടെ.
“ഇത്രയും ചുമയുള്ള ആൾ ഡോക്ടറെക്കാണാതെ എന്തു മരുന്നാ കഴിക്കുന്നത്?” ഞാൻ വീണ്ടും തിരക്കി.
“പങ്കജകസ്തൂരി”.
അമ്മായിയുടെ ഉത്തരം കേട്ട് ഞാൻ ശരിക്കും ഞെട്ടി. അഭ്യസ്തവിദ്യരും ഉയർന്ന ജോലികളിൽ നിന്ന് വിരമിച്ചവരും സമ്പന്നരുമായ ദമ്പതികളുടെ വീട്ടിലാണ് ഇത് സംഭവിച്ചിരിക്കുന്നത്. ഞാൻ ഉടൻ തന്നെ അമ്മാവൻറെ ഡോക്ടറുമായി ബന്ധപ്പെട്ട് വിവരങ്ങൾ പറഞ്ഞു. ശസ്ത്രക്രിയ ചെയ്ത് രക്ഷിക്കപ്പെട്ട ഒരാളുടെ ജീവൻ മറ്റൊരു അപകടത്തിൽപ്പെടുന്നതിന് മുമ്പ് ഇടപെട്ടതിന് ഡോക്ടർ എന്നോട് നന്ദിപറഞ്ഞു. കഫത്തിൻറെ പരിശോധനയ്ക്കും ശ്വാസകോശത്തിലെ അണുബാധ മാറ്റാനുള്ള ആന്റിബയോട്ടിക് മരുന്നുകൾ വാങ്ങാനും ഞാൻ തന്നെ ഏർപ്പാടുണ്ടാക്കി.
ഭാഗ്യം, അമ്മാവൻ പത്തുദിവസത്തിനുള്ളിൽ പൂർണ്ണ സുഖം പ്രാപിച്ചു. എങ്കിലും എൻറെ മനസ്സിലെ രോഷം ഇനിയും അടങ്ങിയിട്ടില്ല. അമ്മാവൻ വീണ ചതിക്കുഴി ഓർത്തിട്ട്. ഏറ്റവും ഇഷ്ടമുള്ള അമ്മാവന് വരാമായിരുന്ന അപകടങ്ങൾ ഓർത്തിട്ട്. ചുമയുടെ പേരിൽ നടക്കുന്ന കഫ് സിറപ്പ് തട്ടിപ്പുകൾ ജനങ്ങളുടെ ആരോഗ്യത്തിന് ഉണ്ടാക്കുന്ന അപകടം ഓർത്തിട്ട്. എല്ലാത്തിനുമുപരി, വർഷങ്ങളായി ആഗോളതലത്തിൽ ശ്വാസകോശ രോഗങ്ങളുടെ നിയന്ത്രണ രംഗത്ത് പ്രവർത്തിക്കുന്ന ഒരു ഡോക്ടർ എന്ന നിലയിൽ.
നിസ്സാര കരണങ്ങളാലുള്ള ചുമ ഒരു മരുന്നും കഴിച്ചില്ലെങ്കിലും താനേ മാറും. ചായ കഴിച്ചാലും മതി. എന്നാൽ ഇതുപോലുള്ള അണുബാധ ഉണ്ടായാൽ സമയത്ത് ചികിത്സിക്കാതിരുന്നാൽ ജീവൻ തന്നെ അപകടത്തിലാകാം.
ചുമ പല കാരണങ്ങൾ കൊണ്ട് ഉണ്ടാകാം. പലപ്പോഴും വലിയ അപകടകാരിയല്ലാത്ത അലർജികളോ ജലദോഷമോ പോലെയുള്ള കാരണങ്ങളിൽ തുടങ്ങി ക്ഷയരോഗം, ശ്വാസകോശാർബുദം മുതലായ വലിയ രോഗങ്ങളുടെ വരെ ലക്ഷണം ചുമ തന്നെയാണ്. ചെറിയ അസുഖങ്ങൾ മൂലമുള്ള ചുമ വേഗം മാറും. എന്നാൽ രണ്ടാഴ്ചയിൽ കൂടുതൽ നീളുന്ന ചുമയുണ്ടെങ്കിൽ അത് നിസ്സാരമായെടുക്കരുത്, ഡോക്ടറെ കണ്ടിരിക്കണം. ഇക്കാര്യം ടെലിവിഷനിലും റേഡിയോയിലും ദിവസവും പലപ്രാവശ്യം പരസ്യമായി വരുന്നുണ്ട്. അമിതാബച്ചനൊക്കെയാണ് പരസ്യത്തിൽ അഭിനയിക്കുന്നത്. പക്ഷെ, എൻറെ അമ്മാവനുൾപ്പെടെയുള്ള മനുഷ്യരുടെ മനസ്സിൽ പതിഞ്ഞിരിക്കുന്നത് പങ്കജകസ്തൂരിയുടെ പരസ്യമാണ്.
ഈ പരസ്യം ജനദ്രോഹമാണ്. ശരിയായ ചികിത്സ നിഷേധിക്കപ്പെട്ട് ഒരു പാട് രോഗികൾ മരിക്കാൻ ഇത് കാരണമാകും. രാജ്യത്ത് ക്ഷയം പോലുള്ള സാംക്രമിക രോഗങ്ങൾ വേഗത്തിൽ പടർന്നുപിടിച്ച് കൂടുതൽ ആളുകൾ മരിക്കാൻ ഇത് കാരണമാകും. ക്ഷയരോഗ നിയന്ത്രണത്തിൽ ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങൾ നേരിടുന്ന ഒരു പ്രധാന വെല്ലുവിളി ഈ ചുമമരുന്നുകളുടെ ദ്രോഹകരമായ വ്യാപനമാണ്. വികസിത രാജ്യങ്ങളിലും ചുമമരുന്നുകൾ സുലഭമാണ്. പക്ഷെ, അവിടങ്ങളിലെ ആരോഗ്യ അവബോധവും ചികിത്സാ സംവിധാനങ്ങളിലെ കെട്ടുറപ്പും കാരണം രോഗമുള്ളവർ മിക്കവാറും കൃത്യമായി ചികിത്സിക്കപ്പെടും.
നീണ്ടുനിൽക്കുന്ന ചുമ പലരിലും ക്ഷയരോഗ ലക്ഷണമാകാം. ആറുമാസത്തെ ആന്റിബയോട്ടിക് മരുന്നുകൾ തുടർച്ചയായി കഴിച്ചാൽ പൂർണ്ണമായി ചികിത്സിച്ചുമാറ്റാവുന്ന രോഗമാണ് സാധാരണഗതിയിൽ ക്ഷയരോഗം. മരുന്ന് സർക്കാർ സൗജന്യമായി നൽകുന്നു. എന്നാൽ രോഗം യഥാസമയം കണ്ടുപിടിച്ചു ചികിത്സിച്ചില്ലെങ്കിൽ രോഗി മരിക്കുമെന്നുമാത്രമല്ല, കുടുംബാംഗങ്ങളിലേയ്ക്കും അടുത്തിടപഴകുന്ന മറ്റുള്ളവരിലേക്കും രോഗം പടർന്നിരിക്കും. നീണ്ടുനിൽക്കുന്ന ചുമയുള്ളവർക്കെല്ലാം ക്ഷയരോഗം ആവണമെന്നില്ല. പക്ഷേ അവരിൽ ക്ഷയമുള്ളവരും കാണും. അവർ ആരെന്നറിയാൻ കഫ പരിശോധനകൾ വേണം. ഇനി മറ്റെന്തെകിലും കടുത്ത രോഗമാണോ എന്നറിയാൻ അതിനുള്ള പരിശോധനകളും വേണ്ടിവരും. ചുമ നീണ്ടുനിന്നാൽ ഡോക്ടറെക്കണ്ട് പരിശോധനകൾ നടത്തുന്നതിനുപകരം ടെലിവിഷൻ പരസ്യത്തിൽക്കണ്ട മരുന്നും സ്വയം വാങ്ങിക്കഴിച്ച് വീട്ടിലിരുന്നാലത്തെ അപകടത്തെപ്പറ്റിയാണ് ഞാൻ പറയുന്നത്.
ക്ഷയരോഗത്തിൻറെ കാര്യത്തിൽ നമ്മുടെ രാജ്യം വലിയ ദുരിതവും അപമാനാവും അനുഭവിക്കുന്നുണ്ട്. ലോകത്ത് ഒരുവർഷം ഉണ്ടാകുന്ന ഒരുകോടിയില്പരം ക്ഷയരോഗികളിൽ ഇരുപത്തെട്ടു ലക്ഷത്തിനു പുറത്ത് ഇന്ത്യയിലാണ്. 25 ശതമാനത്തിൽ അധികം. അമേരിക്കയിൽ പ്രതിവർഷം പതിനായിരം പേർക്കുമാത്രം ക്ഷയരോഗമുണ്ടാകുമ്പോൾ നമ്മുടെ ബോംബെ നഗരത്തിൽ മാത്രം അറുപതിനായിരം പേർക്കാണ് ക്ഷയരോഗമുണ്ടാകുന്നത്. മൂന്നുലക്ഷം പേരാണ് പ്രതിവർഷം ക്ഷയരോഗം മൂലം രാജ്യത്ത് മരിക്കുന്നത്. കുടുംബങ്ങളെ അനാഥമാക്കുന്ന, കുട്ടികളെ കൊല്ലുന്ന, രാജ്യപുരോഗതിയെ പിന്നോട്ടുവലിക്കുന്ന ഒരു വലിയ പകർച്ചവ്യാധിയാണിത്.
ക്ഷയരോഗം നിയന്ത്രിക്കുന്നതിന് രാജ്യമാസകലം ജില്ലകളെ കേന്ദ്രീകരിച്ച് വർഷങ്ങളായി ചിട്ടയായ പ്രവർത്തനങ്ങൾ നടക്കുകയാണ്. ഓരോവർഷവും ആയിരക്കണക്കിന് കോടികൾ ചെലവാക്കി. ലക്ഷക്കണക്കിന് ആരോഗ്യപ്രവർത്തകർ വിശ്രമമില്ലാതെ പ്രവർത്തിച്ചിട്ട്. പ്രധാനമന്ത്രി തന്നെ മുൻകൈയെടുത്താണ് ഈ പ്രവർത്തങ്ങൾ രാജ്യത്ത് നടത്തുന്നത്. കഴിഞ്ഞ അഞ്ചുകൊല്ലത്തിലധികമായി ലോകത്ത് ഏറ്റവും നന്നായി ക്ഷയരോഗനിയന്ത്രണ പരിപാടികൾ നടത്തുന്ന രാജ്യമായി ഇതിനകം ഇന്ത്യ പേരെടുത്തു കഴിഞ്ഞു. ഈ രംഗത്തെ മിക്കവാറും അന്താരാഷ്‌ട്ര വിദഗ്ദ്ധർ ഈ മാർച്ചുമാസം ഡൽഹിയിൽ യോഗം ചേരുകയാണ്. രാജ്യത്തെ കാർന്നുതിന്നുന്ന ഈ രോഗത്തെ ഇനിയും കൂടുതൽ ശക്തിയായി ചെറുക്കാനുള്ള ചർച്ചകൾ ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ നടക്കുന്നു. അതിനിടയിലാണ് ഈ കസ്തൂരിയുടെ വിളയാട്ടം. രാജ്യദ്രോഹം.
ചുമയുള്ള ക്ഷയരോഗിയിൽ നിന്ന് വായുവിലൂടെ പകരുന്നതിനാലും, പരിശോധനകൾക്കായി രോഗബാധിതർ സമയത്ത് എത്തിച്ചേരാത്തതിനാലും ഡോക്ടർ നിർദ്ദേശിച്ച മരുന്നുകൾ രോഗികൾ പലകാരണങ്ങളാൽ കൃത്യമായി കഴിക്കാതെ വരുന്നതിനാലുമൊക്കെയാണ് ക്ഷയരോഗം രാജ്യത്ത് ഇന്നും വലിയ പ്രശ്നമായി തുടരുന്നത്. ഈ പ്രശ്നങ്ങളെയെല്ലാം ആളിക്കത്തിക്കാൻ നാട്ടിലെ ഈ തട്ടിപ്പ് ചുമമരുന്നുകൾക്ക് കഴിയും.
രാജ്യത്ത് ഏറ്റവും കുറവ് തോതിൽ ക്ഷയരോഗമുള്ള സംസ്ഥാനം കേരളമാണ്. ആരോഗ്യ രംഗത്തെ മികച്ച പ്രവർത്തനങ്ങളും ഇതിനൊരു പ്രധാന കാരണമാണ്. രോഗത്തിൻറെ തോത് വീണ്ടും കുറയ്ക്കാൻ സംസ്ഥാന സർക്കാരും ലോകാരോഗ്യ സംഘടനയും ചേർന്ന് പ്രവർത്തിക്കുകയാണ്. അതിനിടയിൽ കുളം കലക്കാൻ നോക്കുന്ന ഇത്തരം ചുമമരുന്നുകളെ തടയേണ്ടത് സംസ്ഥാനത്തിൻറെ മൊത്തം ആവശ്യമാണ്. ഇക്കാര്യത്തിൽ ആരോഗ്യവകുപ്പ് നടപടികൾ സ്വീകരിക്കണം. IMA ഇടപെടണം.
പരസ്യങ്ങൾക്കുപിന്നിൽ സാമ്പത്തിക ഇടപാടുകളും കരാർ വ്യവസ്ഥകളും കാണും. അതിൻറെ പേരിൽ ഈ പരസ്യങ്ങൾ ഇനിയും തുടരുകയാണെങ്കിൽ അതിനോടൊപ്പം നിയമരമായ മുന്നറിയിപ്പ് നൽകാൻ മാധ്യമങ്ങൾ തയ്യാറാകണം. ചുമ പല രോഗങ്ങളുടെയും ലക്ഷണമാകാമെന്നും രണ്ടാഴ്ചയിൽ കൂടുതൽ ചുമ നീണ്ടുനിന്നാൽ ആധുനിക ചികിത്സാ ശാസ്ത്രം പ്രയോഗിക്കുന്ന ഡോക്ടറെ സമീപിക്കണമെന്നുമുള്ള മുന്നറിയിപ്പ് ഈ പരസ്യത്തിനൊപ്പം നൽകണം. സിഗററ്റിൻറെ കവറിൽ മരണകാരണമാകാം എന്നെഴുതുന്നതുപോലെ. സർക്കാർ അതിന് നിർബന്ധിക്കണം.
വാലറ്റം: ശാസ്ത്രകാര്യങ്ങളിലെ അറിവില്ലായ്മകൊണ്ടു മാത്രം മെഡിക്കൽ സയൻസിനെതിരെ മണ്ടത്തരങ്ങൾ വിളിച്ചുപറഞ്ഞ് പാവം പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ‘പ്രകൃതി’ വിദ്വാന്മാരും പ്രശസ്തന്മാരും കൂടി ഈ ദുസ്‌ഥിതിയ്ക്ക് ഉത്തരവാദികളാണ്. തനിക്ക് ക്ഷയരോഗം വന്നിട്ടുണ്ടെന്ന കാര്യം തുറന്നുപറഞ്ഞ് കാശുവാങ്ങാതെ അമിതാബച്ചൻ ജനനന്മക്കായി പരസ്യങ്ങളിൽ അഭിനയിക്കുമ്പോൾ തട്ടിപ്പുമരുന്നുകളുടെ കാശുവാങ്ങി ജനദ്രോഹ പരസ്യങ്ങളിൽ അഭിനയിക്കാതിരിക്കാനെങ്കിലും നമ്മുടെ താരങ്ങൾ ശ്രദ്ധിക്കണം. ആശുപത്രികൾ ഇടിച്ചുനിരത്താനും മരുന്നുകൾ കായലിൽക്കളയാനും ശ്രീനിവാസൻമാർ പറഞ്ഞാൽ സാധാരണ മനുഷ്യരാണ് കായലിലാകുന്നത്. ദുരിതത്തിൻറെ കായലിൽ. ശ്രീനിവാസന്റെ കാര്യം മാത്രം പറയരുതെന്ന് (പോളണ്ടിനെപ്പോലെ) ഇതേക്കുറിച്ചെഴുതിയ ചില ഡോക്ടർമാരോട് ആരൊക്കെയോ പറയുന്നതുകേട്ടു. ഇപ്പോൾത്തന്നെയാണ് ഇക്കാര്യങ്ങൾ പറയേണ്ടത്. ശ്രീനിവാസന് ചികിത്സ നിഷേധിച്ചിട്ടല്ല, കൃത്യമായ ചികിത്സ നല്കിയിട്ടാണ് ജനങ്ങളോട് മറ്റുചില കാര്യങ്ങൾ ഡോക്ടർമാർ പറഞ്ഞത്. അതുപറയാനുള്ള സാമൂഹ്യ ബാധ്യത മനുഷ്യപ്പറ്റുള്ള ഡോക്ടർമാർക്കുണ്ട്. തീരെ ഉത്തരവാദിത്തമില്ലാതെ സമൂഹത്തിൽ അബദ്ധങ്ങൾ പ്രചരിപ്പിച്ചതിന് ആശുപത്രി വിട്ടതിനുശേഷം ശ്രീനിവാസനാണ് ജനങ്ങളോട് മാപ്പുപറയേണ്ടത്. പ്രകൃതിജീവനവും പാരമ്പര്യവാദവുമൊക്കെ ശ്രീനിവാസനെപ്പോലുള്ളവർ വച്ച് കാച്ചുമ്പോൾ സാധാരണക്കാരൻ മനസ്സിലാക്കുന്നത് ചുമ വന്നാൽ ഡോക്ടറെക്കാണാതെ, മരുന്നു കഴിക്കാതെ പങ്കജകസ്തൂരി വാങ്ങി കുടിക്കണമെന്നാണ്. അവിടെയാണ് അപകടം. നാട്ടിലെ പ്രകൃതി പ്രചാരകരായ മലയാളികളിൽ പലരെയും തുമ്മൽ വന്നതിൻറെ പേരിൽ അടിയന്തിര ചികിത്സകൾക്ക് ഇവിടെ അമേരിക്കയിലെ മുന്തിയ ആശുപത്രികളിൽ കാണാറുണ്ട്. അവർ ഈ മരുന്നൊന്നും വാങ്ങി കുടിക്കാറില്ല. പരസ്യത്തിൽ അഭിനയിച്ചു പറയുന്ന സോപ്പുകളും ലേപനങ്ങളും ഒന്നുമല്ല താരങ്ങൾ ഉപയോഗിക്കുന്നതെന്ന് നമുക്കറിയാമല്ലോ. ആയൂർവേദ ഡോക്ടർമാർ പോലും നിർദ്ദേശിക്കാത്ത ചില തട്ടിപ്പു മരുന്നുകളാണ് പ്രകൃതിജന്യമെന്ന് പറഞ്ഞ് നാട്ടിലെ പാവങ്ങൾ വാങ്ങിച്ചു സേവിക്കുന്നത്. വലിയ സങ്കടമുണ്ട്.
drsslal.blogspot.com