28 വർഷത്തിന് ശേഷം സിസ്റ്റർ അഭയ കേസിൽ വിധി നാളെ

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ വധക്കേസിൽ വിധി നാളെ. അഭയ കൊല്ലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസിൽ വിധി വരുന്നത്.
1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെത്ത് കോണ്‍വെന്റിന്റെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതിത്തള്ളിയ സിസ്റ്റര്‍ അഭയയുടെ മരണം കൊലപാതകമെന്ന് തെളിയിച്ചത് സിബിഐയാണ്.
സിബിഐ കേസ് ഏറ്റെടുത്ത് 16 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. ഫാ. തോമസ് കോട്ടൂര്‍, ഫാ.ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് അറസ്റ്റിലായത്.
കേസ്അട്ടിമറിച്ച ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരാതിരുന്ന ഡിവൈഎസ്പി സാമുവൽ, എസ്പി കെ.ടി മൈക്കിൾ, ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ അഗസ്റ്റിൻ എന്നിവരും പ്രതികളായി സിബിഐ കോടതിയും പ്രതിചേര്‍ത്തു. ഫാ.ജോസ് പുതൃക്കയിലിന്റെയും കെടി.മൈക്കളിന്റെയും വിടുതല്‍ ഹര്‍ജി പരിഗണിച്ച് പ്രതിസ്ഥാനത്തുനിന്നും കോടതി ഒഴിവാക്കി.49 പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിച്ചു. ഇതില്‍ രഹസ്യമൊഴി നല്‍കിയ സാക്ഷികള്‍ ഉള്‍പ്പെടെ 8 പേര്‍ കൂറുമാറി.
അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ പ്രതികള്‍ കോണ്‍വെന്റിന്റെ ടെറസിന് മുകളിലേക്ക് കയറിപോവുന്നതായി കണ്ടുവെന്ന് മൂന്നാം സാക്ഷി അടയ്ക്ക രാജു സി.ബി.ഐ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഫാ. തോമസ് കോട്ടൂര്‍ കുറ്റസമ്മതം നടത്തിയതായി ആറാം സാക്ഷി വേണുഗോപാൽ നല്‍കിയ മൊഴിയും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ഈ മാസം 10 നാണ് കേസില്‍ വാദം പൂര്‍ത്തിയായത്.