ലക്ഷദ്വീപ് ജനങ്ങൾക്ക് ഐക്യദാർഡ്യം: എം പി വി ജനാധിപത്യ വേദി

കുവൈത്ത് സിറ്റി : ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ കാണിക്കുന്ന ജനാധിപത്യവിരുദ്ധതയെ മുഴുവൻ ഇന്ത്യക്കാരും ചോദ്യം ചെയ്യണമെന്ന് എം പി വി ജനാധിപത്യ വേദി സംഘടിപ്പിച്ച വെബിനാർ അഭിപ്രായപ്പെട്ടു. ലക്ഷദ്വീപിലെ ജനങ്ങളുടെ സംസ്ക്കാരിക തനിമകളും അവിടത്തെ ശാന്തമായ ജീവിതവും മറ്റൊരിടത്തും കാണാൻ കഴിയില്ലെന്നും കുറ്റവാളികൾ ഇല്ലാത്തത് കാരണം, ജയിൽ തുറക്കാൻ കഴിയാത്തിടത്താണ് ഗുണ്ട നിയമം പാസാക്കിയതെന്നും എം എൻ കാരശ്ശേരി പറഞ്ഞു. “ലക്ഷദ്വിപ് ഐക്യപ്പെടലിൻ്റെ രാഷ്ട്രീയം” എന്ന വിഷയത്തിൽ വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർന്ന് സംസാരിച്ച പി കെ പോക്കർ എങ്ങനെയാണ് ഇന്ത്യൻ ഫാസിസം സ്വന്തം ജനതക്ക് എതിരെ അധിനിവേശം രൂപപ്പെടുത്തുന്നത് എന്ന് ചോദിച്ചു . ഫാസിസത്തിന് മനുഷ്യൻ്റെ നന്മയെയും അവരുടെ ബഹുമുഖ സംസ്ക്കാരത്തെയും ഉൾക്കൊള്ളാൻ കഴിയില്ല. ഇന്ത്യയിൽ ഇന്ന് നടക്കുന്നത് കോർപ്പറേറ്റ് സംവിധാനങ്ങളെ കൂട്ടുപിടിച്ചുള്ള വംശീയ ഫാസിസമാണ്. അതിനെ നമ്മൾ പ്രതിരോധിക്കണം. തുടർന്നു സംസാരിച്ച വിജയരാഘവൻ ചേലിയ ഇന്ത്യൻ ഫാസിസത്തിനെതിരെ എങ്ങനെയാണ് പ്രതിരോധം രൂപപ്പെടെണ്ടത് എന്നു വിശദീകരിച്ചു. നിലവിൽ പൗരത്വം, കാർഷിക സമരം, കോവിഡ് തുടങ്ങിയ വിഷയങ്ങളിൽ ഭരണകൂടം ജനവിരുദ്ധമായാണ് മുന്നോട്ട് പോകുന്നത്. അതിനെ പ്രതിരോധിക്കാൻ സോഷ്യലിസ്റ്റ് ചിന്താധാരകളുടെ ഏകോപനവും പ്രതിരോധവും ശക്തി പ്രാപിക്കേണ്ടത് കാലത്തിൻ്റെ ആവശ്യമാണ്. അനിൽ കൊയിലാണ്ടി സ്വാഗത പറഞ്ഞ പരിപാടിയിൽ കോയ വേങ്ങര അധ്യക്ഷതയും മണി പാനൂർ നന്ദിയും പറഞ്ഞു. ഇ കെ ദിനേശൻ വെബിനാർ നിയന്ത്രിച്ചു .