വണ്ടൂർ: തെരുവു നായ്‌ക്കൾ വീടിനു സമീപത്തുള്ള ഫാമിൽ കയറി കോഴികളെ കടിച്ചു കൊന്നു. തിരുവാലി കോഴിപ്പറമ്പ്, തായങ്കോട് അത്തിത്താറ്റിൽ മണ്ണൂർക്കര മനോജിന്റെ വീടിനോടു ചേർന്ന ഫാമിൽ ശനിയാഴ്‌ച പുലർച്ചെ ഒന്നോടെയാണ് സംഭവം. ഇരുനൂറിലധികം കോഴികളെയാണ് കടിച്ചു കൊന്നത്.
ഇരുപതിലേറെ കോഴികളെ കടിച്ചു മുറിവേൽപ്പിച്ചിട്ടുമുണ്ട്. ഫാമിനു ചുറ്റിലും കെട്ടിയ ഇരുമ്പുവല പൊളിച്ചാണ് നായ്‌ക്കളിലൊന്ന് അകത്തു കയറിയത്. രാത്രി കോഴികളുടെ കൂട്ടക്കരച്ചിൽ കേട്ട് ഫാമിൽ ചെന്നു നോക്കിയ മനോജ് കണ്ടത് കോഴികൾക്കിടയിലൂടെ ഓടി നടന്ന് കടിക്കുന്ന തെരുവു നായ്‌ക്കളെയാണ്. ഏറെ പണിപ്പെട്ടാണ് നായ്‌ക്കളെ ഓടിച്ചത്. 14 വർഷത്തോളമായി കോഴിഫാം നടത്തുന്ന മനോജിന് ഇത് ആദ്യത്തെ അനുഭവമാണ്. 23 ദിവസം പ്രായമായ കോഴികളെയാണ് കടിച്ചു കൊന്നത്. ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി മനോജ് പറഞ്ഞു.






























