ആംബുലൻസ് തടഞ്ഞ് സമരം നടത്തിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോ​ഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്

0
105

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് തടഞ്ഞ് സമരം നടത്തിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോ​ഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മരണം അത്യന്തം വേദനാജനകമാണെന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്നും മന്ത്രി പറഞ്ഞു. കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി ഒ ആർ കേളുവും വ്യക്തമാക്കി.

ഇന്ന് പുലർച്ചെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആദിവാസി യുവാവ് മരിച്ചത്. വിതുര സ്വദേശിയായ ബിനു ആണ് മരിച്ചത്. വിതുര താലൂക്ക് ആശുപതിയിൽ നിന്ന് അടിയന്തര ചികിത്സയ്ക്കായി ബിനുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റെഫർ ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ബിനുവിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെയായിരുന്നു യൂത്ത് കോൺഗ്രസ് ആംബുലൻസ് തടഞ്ഞത്.ഫിറ്റ്‌നസ്സ് ഇല്ലാത്ത ആംബുലൻസ് മാറ്റണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സമരം നടത്തി. രോഗിയുണ്ടെന്ന് പറഞ്ഞെങ്കിലും സമരക്കാർ പിന്മാറിയില്ല. ഇതിന് പിന്നാലെയാണ് ബിനു മരണപ്പെട്ടത്. അതേസമയം രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞിട്ടില്ലെന്നാണ് യൂത്ത് കോൺഗ്രസ് പറയുന്നത്. സംഭവത്തിൽ മെഡിക്കൽ ഓഫീസർ വിതുര പൊലീസിൽ പരാതി നൽകിയിരുന്നു.