വാക്സിന്‍ വിലനിർണയത്തില്‍ സുപ്രീം കോടതി ഇടപെടരുതെന്ന് കേന്ദ്രം

0
30

ഡല്‍ഹി: വാക്‌സിന്‍ വിലയില്‍ ഇടപെടരുതെന്ന് സുപ്രീംകോടതിയില്‍  കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണിത് . അസാധാരണ സാഹചര്യത്തില്‍ ജനതാത്പര്യം മുന്‍നിർത്തി തീരുമാനങ്ങളെടുക്കാനുള്ള അവകാശമുണ്ടെന്നും സർക്കാർ വ്യക്തമാക്കി. വാക്‌സിന്‍ വിതരണത്തില്‍ തുല്യത ഉറപ്പാക്കിയിട്ടുണ്ടെന്നും എല്ലാം സംസ്ഥാനങ്ങള്‍ക്കും ഒരു വിലയിലാണ് വാക്‌സിന്‍ നല്‍കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു. വാക്സിന്‍ ലഭ്യതയുടെ പരിമിതി രോഗവ്യാപന തോത് എന്നിവ നിമിത്തം എല്ലാവർക്കും ഒരേ സമയം വാക്സിന്‍ ലഭ്യമാക്കാന്‍ സാധിക്കില്ലെന്നും കേന്ദ്രം പറഞ്ഞു.

നേരത്തെ കേന്ദ്രത്തിന്റെ വാക്സിന്‍ നയത്തില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി രംഗത്തെത്തിയിരുന്നു. വാക്സിന്‍ ഉത്പാദനത്തിന് സർക്കാർ നല്കിയ പണം പൊതുഫണ്ടാണെന്നിരിക്കെ വാക്സിന്‍ പൊതു മുതലാണെന്നും , ആ വാകസിന് എങ്ങനെ രണ്ട് വില നിശ്ചയിക്കുമെന്നും സുപ്രീം കോടതി ചോദിച്ചിരുന്നു.മുഴുവന്‍ വാക്സിനും എന്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ വാങ്ങി വിതരണം ചെയ്യുന്നില്ലെന്നും കോടതി ചോദിച്ചു. പേറ്റന്റ് അനുമതിയില്ലാതെ വാക്സിന്‍ വിതരണം പരിഗണിക്കാത്തത് എന്തു കൊണ്ടാണെന്നും കോടതി ആരാഞ്ഞു.