അഴിമതിവിരുദ്ധ പദ്ധതി പ്രകാരം പരിശീലകരുടെ രണ്ടാം ബാച്ച് ഉടൻ ആരംഭിക്കും

കുവൈത്ത് സിറ്റി: കുവൈറ്റ് അഴിമതി വിരുദ്ധ അതോറിറ്റിയുടെ (നസാഹ) മേൽനോട്ടത്തിൽ അഴിമതി വിരുദ്ധ പദ്ധതി നടപ്പാക്കാനുള്ള നടപടികൾ സർക്കാർ ഏജൻസികൾ ആരംഭിച്ചതായി അൽ-ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. അഴിമതി കേസ് അന്വേഷണത്തിനും, സമഗ്രതയും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനുമായുള്ള പരിശീലകരുടെ രണ്ടാം ബാച്ച് ആരംഭിക്കുന്നതിനുള്ള നടപടി ക്രമങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്

കഴിഞ്ഞ വർഷം 20 ജീവനക്കാരെ അഴിമതി വിരുദ്ധ പരിപാടിയുടെ ഭാഗമായി പരിശീലകരാക്കിയിരുന്നു. ഇവർ അതത് ഏജൻസികളിലെ മറ്റ് തൊഴിലാളികൾക്ക് പരിശീലനം നൽകുന്നതിനായിരുന്നു ഇത്. നാല് ഘട്ടങ്ങളിലായി 100 പരിശീലകരെ യോഗ്യരാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

രണ്ടാമത്തെ ബാച്ചിന് സുതാര്യത വികസിപ്പിക്കുന്നതിനും പൗരന്മാരുടെ സേവനങ്ങൾ സുഗമമാക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനും ഇടപാടുകളിൽ മനുഷ്യ ഇടപെടൽ കുറയ്ക്കുന്നതിനും സർക്കാർ പ്രകടനം മെച്ചപ്പെടുത്തുന്നതിനുമുള്ള പരിശീലനമാണ് നൽകുക.