മത്സ്യം ഒഴിവാക്കേണ്ട സാഹചര്യം ഇല്ല, മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ട സഹായം സര്‍ക്കാര്‍ നല്‍കും; മുഖ്യമന്ത്രി

0
234

കൊച്ചി:കൊച്ചിയിൽ നിന്ന് മംഗളൂരിലേക്ക് പോകുന്ന പാതയിൽ കാര്ഗോ കപ്പൽ മുങ്ങിയതോടെ കടലിൽ പതിച്ച കണ്ടെയ്നറുകൾ മൂലം ബാധിതരായ മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ സഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. ബാധിതരായ തൊഴിലാളികൾക്ക് താത്കാലിക സഹായമായി ഓരോരുത്തർക്കും ആയിരം രൂപയും ആറ് കിലോഗ്രാം അരിയും നൽകും.

ഇതുവരെ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളിൽ 54-ലധികം കണ്ടെയ്നറുകൾ അടുത്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ തീരത്ത് അടിഞ്ഞ കണ്ടെയ്നറുകളിൽ നിന്ന് ‘നർഡിൽസ്’ (ചെറിയ പ്ലാസ്റ്റിക് തരികൾ) വന്നെത്തിയിട്ടുണ്ട്. ഇവയെല്ലാം വൃത്തിയാക്കുന്നതിനായി സർക്കാർ ക്ലീനിംഗ് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.നമ്മുടെ തീരത്തിന്റെ സംരക്ഷണത്തിന് നാം തന്നെ മുന്നോട്ട് ഇറങ്ങേണ്ടതു മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു

ബാധിതമായ എല്ലാ തീരങ്ങളിലും പോലീസ്, എസ്.പി.സി, ആപ്ത മിത്ര, സിവില്‍ ഡിഫെന്‍സ് വളണ്ടീയര്‍മാർ എന്നിവരെ വിന്യസിച്ചിട്ടുണ്ട്. ഡ്രോൺ സർവേയും പൂർത്തിയാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

എം.എസ്.സി കമ്പനിയുമായി കേരള സർക്കാർ ചർച്ച നടത്തിയിട്ടുണ്ട്. കപ്പൽ പൂർണ്ണമായും കേരള തീരത്തിൽ നിന്ന് മാറ്റണമെന്നും, പരിസ്ഥിതി ആഘാതം, തൊഴിൽ നഷ്ടം, ടൂറിസം നഷ്ടം എന്നിവയുടെ നഷ്ടപരിഹാരം നൽകണമെന്നും സർക്കാർ ആവശ്യപ്പെട്ടു.

കണ്ടെയ്നറുകളും നർഡിൽസും കൈകാര്യം ചെയ്യുന്നതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിശദമായ മാർഗ്ഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം എന്ന് മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി.
കടലിൽ കണ്ടെയ്നറുകളിൽ നിന്ന് വന്ന വസ്തുക്കൾ കണ്ടെത്തിയാൽ, അവ തൊട്ട് കൈകാര്യം ചെയ്യരുത്. ഉടൻ അധികൃതരെ അറിയിക്കണം. കാൽസ്യം കാർബൈഡ് അടങ്ങിയ കണ്ടെയ്നറുകൾ ഭാരം കൂടിയതിനാൽ കടലിന്റെ അടിത്തട്ടിലേക്ക് മുങ്ങിയിരിക്കുന്നു. അതിനാൽ ഇപ്പോൾ അപകടസാധ്യതയില്ല. മത്സ്യം ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ട സാഹചര്യം ഇല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.