തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച ഫ്ലാറ്റുകൾ പൊളിച്ചു നീക്കണമെന്ന കോടതി ഉത്തരവിനെതിരേ സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ കെട്ടിട നിർമാതക്കളും താമസക്കാരും. ഒറ്റയായും കൂട്ടത്തോടെയും പുനഃപരിശോധന ഹർജി നൽകാൻ നീക്കം. തീരദേശ പരിപാലന അതോറിറ്റി വരുത്തിയ വീഴ്ചയ്ക്ക് മറ്റുള്ളവരെ ബലിയാടാക്കരുതെന്നു, സുപ്രീം കോടതി പൊളിച്ചു നീക്കാൻ ഉത്തരവിട്ട ഫ്ലാറ്റുകളിൽ ഒന്നായ ആൽഫാ വെഞ്ച്വേഴ്സ്.
നിയമപരമായ അനുമതികൾ ലഭിച്ച ശേഷമാണ് ആൽഫാ വെഞ്ച്വേഴ്സ് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയതെന്ന് ഡയറക്റ്റർ ജെ. പോൾരാജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിർമാണം തുടങ്ങും മുൻപ് അനുമതി വാങ്ങിയില്ലെന്ന അതോറിറ്റിയുടെ വാദത്തിൽ കഴമ്പില്ല. 2006 ൽ ഫ്ലാറ്റ് നിർമാണം ആരംഭിക്കുമ്പോൾ മരടിൽ മാപ്പിങ് ഉണ്ടായിരുന്നില്ല. മാപ്പിങ് ഇല്ലാത്ത സാഹചര്യത്തിൽ അനുവർത്തിക്കേണ്ട നടപടിക്രമം 1991 ലെ സിആർഇസഡ് നോട്ടിഫിക്കേഷനിൽ വ്യക്തമായി പറയുന്നുണ്ട്. ഇതനുസരിച്ചാണ് നിർമാണത്തിന് അനുമതി ലഭിച്ചത്. ലേക് ഷോർ ആശുപത്രി കേസിൽ മരടിലെ മാപ്പിങ് ശരിയല്ലെന്ന് ഹൈക്കോടതി കണ്ടെത്തുകയും നിലവിലെ മാപ്പിങ് അസാധുവാക്കി റീമാപ്പിങ് നടത്താൻ 2003 ൽ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ സമയത്താണ് ആൽഫാ വെഞ്ച്വേഴ് സ് അനുമതി തേടുന്നതും മാപ്പിങിന്റെ അഭാവത്തിൽ അന്നത്തെ സിആർഇസഡ് നിയമം അനുസരിച്ച് നിർമാണാനുമതി ലഭിച്ചതെന്നും പോൾരാജ് വ്യക്തമാക്കി. .
2012 ൽ മാത്രമാണ് മരടിൽ മാപ്പിങ് നടന്നത്. നിർമാണാനുമതി നൽകിയ ശേഷം അനുമതി റദ്ദാക്കാൻ മരട് പഞ്ചായത്ത് ഷോക്കോസ് നൽകിയ സാഹചര്യത്തിൽ ആൽഫാ വെഞ്ച്വേഴ് സ് 2007 ൽ കോടതിയെ സമീപിച്ചു. ഈ കേസിൽ മരട് പഞ്ചായത്ത് സത്യവാങ്മൂലം സമർപ്പിക്കുകയും അതിൽ മരട് പഞ്ചായത്ത് സിആർഇസഡ് കാറ്റഗറി 2 വിഭാഗത്തിലാണെന്നു സമർഥിക്കുകയും ചെയ്തിട്ടുണ്ട്. മരട് പഞ്ചായത്തിന്റെ ഈ നിലപാട് കേസിൽ നാലാം കക്ഷിയായ കേരള തീരദേശ പരിപാലന അതോറിറ്റി ( കെസിഇസഡ്എംഎ ) എതിർക്കുകയോ ആക്ഷേപം ബോധിപ്പിക്കുകയോ ചെയ്തിട്ടില്ല.എന്നാൽ ഇത് മറച്ചു വച്ചാണ് അതോറിറ്റി സുപ്രീം കോടതിയിൽ ഹർജി നൽകിയതെന്നും പോൾരാജ് ആരോപിച്ചു. ഹൈക്കോടതിയിൽ നടന്ന കാര്യങ്ങൾ മറച്ചു വച്ചാണ് അതോറിറ്റി സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതി ഉത്തരവ് നിർമാണ മേഖലയിലാകെ ആശങ്കയ്ക്ക് വഴി വെച്ചിരിക്കുകയാണെന്നും പോൾരാജ് കൂട്ടിച്ചേർത്തു. ഒന്നിച്ചും വെവ്വേറെയും റിവ്യൂ ഹര്ജികള് നല്കാന് നിലവില് ഫ്ലാറ്റുകളിലെ താമസക്കാര് തമ്മില് ധാരണയായിട്ടുണ്ട്. ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിന്ഹൗസിങ്, കായലോരം അപ്പാര്ട്ട് മെന്റ്, ആല്ഫ വെഞ്ച്വേഴ് സ് എന്നീ ഫ്ലാറ്റുകളാണ് സുപ്രീം കോടതി ഉത്തരിവിനെ തുടര്ന്ന് പൊളിക്കേണ്ടത്. ഒരുമാസത്തിനുള്ളില് ഉത്തരവ് നടപ്പാക്കി റിപ്പോര്ട്ട് സമര്പ്പിക്കണമെന്നാണ് സുപ്രീം കോടതി നിര്ദേശം.
ഇരുന്നൂറോളം കുടുംബങ്ങളാണ് നിര്മാണം നിര്ത്തിയത് ഒഴികെയുള്ള നാല് ഫ്ലാറ്റുകളില് താമസിക്കുന്നത്. അഞ്ചു കെട്ടിടങ്ങളിലായി അഞ്ഞൂറിലധികം ഫ്ലാറ്റുകളാണുള്ളത്. ഇതില് കായലോരം അപ്പാര്ട്ട് മെന്റ് 2010ല് കമ്മിഷന് ചെയ്തതാണ്. മറ്റുള്ളവയെല്ലാം പുതിയതും. കായലോരം അപ്പാര്ട്ട് മെന്റുമായി ബന്ധപ്പെട്ട് ഹൈക്കോടതി നേരത്തെ തന്നെ ഉടമകള്ക്ക് അനുകൂലമായ വിധി പ്രസ്താവിച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ച് പ്രത്യേക റിവ്യൂ ഹര്ജി നല്കാനാണ് ഈ ഫ്ലാറ്റിലെ താമസക്കാരുടെ തീരുമാനം. പത്തു വര്ഷം മുമ്പ് താമസം തുടങ്ങിയ തങ്ങളെ വിധിയില് നിന്ന് ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം. മറ്റു ഫ്ലാറ്റുകളേതിന് വ്യത്യസ്തമായ സാഹചര്യമാണ് ഇവിടത്തേതും ഫ്ലാറ്റുടമകള് വാദിക്കുന്നു. കായലോരത്തിലെ 40 ഫ്ലാറ്റുകള്ക്ക് ശരാശരി 60 ലക്ഷം രൂപ കണക്കില് മൊത്തം വില 24 കോടി രൂപ വരും. ഇതൊഴികെ മറ്റു മൂന്നു ഫ്ലാറ്റുകളും ആഡംബര അപ്പാര്ട്ടുമെന്റുകളാണ്. 288 ഫ്ലാറ്റുകളാണ് അവയിലുള്ളത്. ശരാശരി ഒന്നര കോടി രൂപയാണ് വില. മൊത്തം വില 450 കോടിയോളം വരും.