കാസര്‍കോട് വിദ്യാര്‍ഥിക്ക് കൊറോണ സ്ഥിരീകരിച്ചു: സംസ്ഥാനത്തെ മൂന്നാമത്തെ കേസ്

0
19

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. നിയമസഭയിൽ സംസാരിക്കവെയാണ് ഇക്കാര്യം മന്ത്രി അറിയിച്ചത്. കാസർകോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരുന്ന വിദ്യാര്‍ഥിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാനിൽ നിന്ന് തന്നെയെത്തിയ വിദ്യാര്‍ഥിയാണിത്. വൈറസ് ബാധ സംശയത്തെ തുടർന്ന് ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നുവെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും മന്ത്രി വ്യക്തമാക്കി.

നിലവിൽ വുഹാനിൽ നിന്നെത്തിയ മൂന്ന് വിദ്യാർഥികൾക്കാണ് കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചത്. ഇവർ സുഹൃത്തുക്കളാണെന്നാണ് സൂചന. ഒരുമിച്ചാണ് ചൈനയില്‍ നിന്ന് മടങ്ങിയെത്തിയത്. രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയ സാഹചര്യത്തിൽ തന്നെ ഇവരെ ഐസോലേറ്റ് ചെയ്തിരുന്നു. ഇവരുമായി ബന്ധപ്പെട്ടവരെല്ലാം നിരീക്ഷണത്തിലുമാണ്.

കാസർകോട് ജില്ലയിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ചൈനയിൽ നിന്നെത്തിയ 80 പേർ നീരീക്ഷണത്തിലാണ്. മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ, ജനറൽ ആശുപത്രികളിൽ ഐസോലേഷൻ വാർഡുകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.