കുവൈറ്റ് സിറ്റി : കുവൈറ്റിലെ തൃശ്ശൂർ പ്രവാസികളുടെ കൂട്ടായ്മയായ തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (TRASSK), സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ഒല്ലൂർ പാലിയേറ്റീവ് കെയർ യൂണിറ്റിന് ആംബുലൻസ് വാഹനം കൈമാറി അസോസിയേഷന്റെ സാമൂഹ്യക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘രണ്ടാമത് ആംബുലൻസ്’ പദ്ധതിയുടെ ഭാഗമായാണ് വാഹനം കൈമാറിയത്.
2006-ൽ രൂപീകൃതമായ TRASSK, അംഗങ്ങളുടെയും പൊതുസമൂഹത്തിന്റെയും സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിലെ ഉന്നമനം ലക്ഷ്യമിട്ട് കഴിഞ്ഞ ഇരുപത് വർഷമായി വിവിധ ക്ഷേമപദ്ധതികൾ നടപ്പാക്കി വരികയാണ്. ജന്മനാടിനോടുള്ള സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് ഒല്ലൂർ പാലിയേറ്റീവ് കെയറിനുള്ള ഈ ആംബുലൻസ് പദ്ധതി യാഥാർഥ്യമാക്കിയത്.
2026 ആഗസ്റ്റ് 6-ന് (വ്യാഴാഴ്ച) രാവിലെ 9.30-ന് ഒല്ലൂർ പാലിയേറ്റീവ് കെയർ യൂണിറ്റിൽ നടന്ന ചടങ്ങിന്, ആംബുലൻസ് പ്രൊജക്റ്റ് കൺവീനർ സ്റ്റീഫൻ ദേവസ്സി അധ്യക്ഷത വഹിച്ചു. തൃശ്ശൂർ കോർപറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ മുഖ്യാതിഥിയായിരുന്നു. വാർഡ് കൗൺസിലർ സഞ്ജു പോളി, ഡോ. ഷീജ എൻ. എ. (ജില്ലാ മെഡിക്കൽ ഓഫീസർ – ഇൻ-ചാർജ്), ഡോ. അനിതാര (അസിസ്റ്റന്റ് സർജൻ & സൂപ്രണ്ട് – ഇൻ-ചാർജ്) എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
ആംബുലൻസിന്റെ താക്കോൽ സ്റ്റീഫൻ ദേവസ്സി (കൺവീനർ, ആംബുലൻസ് പ്രോജക്ട്)യും വിജിത രതീഷ് (വനിതാവേദി ജനറൽ കൺവീനർ, TRASSK) ഉം ചേർന്ന് കൈമാറി. വാഹനത്തിന്റെ രേഖകൾ മുകേഷ് ഗോപാലൻ (ജോയിന്റ് സെക്രട്ടറി, TRASSK) യും ഷൈനി ഫ്രാങ്ക് (ജോയിന്റ് കൺവീനർ, ആംബുലൻസ് പ്രോജക്ട്)ഉം ചേർന്ന് കൈമാറി. പരിപാടിയിൽ, അസോസിയേഷൻ അംഗങ്ങളും, മുൻഭാരവാഹികളും, പൗരപ്രമുഖരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.
പ്രവാസി സമൂഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയുടെ മറ്റൊരു ഉദാത്ത മാതൃകയായ ഈ പദ്ധതി, അസോസിയേഷന്റെ ചരിത്രതാളുകളിൽ സ്വർണ്ണലിപിയിൽ ആലേഖനം ചെയ്യപ്പെട്ട മറ്റൊരു നേട്ടമാണ് എന്നത് നിസംശയം പറയാം. അസോസിയേഷന്റെ ഇത്തരം പ്രവർത്തനങ്ങൾക്ക് എന്നും കൈത്താങ്ങായി നിൽക്കുന്ന അൽമുല്ല എക്സ്ചേഞ്ച് -കുവൈറ്റ്, പോലുള്ള സ്ഥാപനങ്ങങ്ങളെയും, അസോസിയേഷൻ അംഗങ്ങളെയും ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നു.

































