നിർബന്ധിത ഹോട്ടൽ ക്വാറൻ്റൈൻ; ഹോട്ടൽ ഉടമകൾക്കും തൽപരകക്ഷികൾക്കും വേണ്ടിയാണ് തീരുമാനമെന്ന വിമർശനവുമായി സ്വദേശികൾ

0
23

കുവൈത്ത് സിറ്റി : കുവൈത്തിലെത്തുന്ന യാത്രക്കാർക്ക് നിർബന്ധിത ക്വാറൻ്റൈൻ ഏർപ്പെടുത്താൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പുറപ്പെടുവിച്ച ഉത്തരവിനെതിരെ വിമർശനവുമായി പാർലമെൻറ് അംഗങ്ങളും സ്വദേശികളിലും. സ്വദേശികൾക്കും നിർബന്ധിത ഹോട്ടൽ ക്വാറൻ്റൈൻ ഏർപ്പെടുത്തിയത് കടുത്ത പ്രതിഷേധത്തിന് കാരണമായതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ഇപ്പോഴത്തെ തീരുമാനം ഹോട്ടലുകളുടെയും മറ്റു തൽപ്പരകക്ഷികളുടെയും സ്വാധീനത്തെ തുടർന്നാണ് എന്നാണ് ഇവരുടെ പ്രധാന ആരോപണം.
കുവൈത്തിലേക്ക് വരുന്ന സ്വദേശികൾ ഉൾപ്പെടെയുള്ളവർ മുസാഫർ ആപ്പിൽ രജിസ്റ്റർ ചെയ്ത് ഹോട്ടലുകളിൽ ക്വാറൻ്റൈന് ബുക്ക് ചെയ്തെങ്കിൽ മാത്രമേ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ എന്നാണ് ആഭ്യന്തര മന്ത്രാലയം നൽകിയ അറിയിപ്പ്. എന്നാൽ ഇത്
ഭരണഘടനയുടെ ആർട്ടിക്കിൾ 28 ന് വിരുദ്ധമാണെന്നാണ് തീരുമാനത്തെ എതിർക്കുന്നവരുടെ പക്ഷം. പൗരനെ രാജ്യത്തേക്ക് വരുന്നത് തടയുകയോ ഡിപ്പോർട്ട് ചെയ്യുകയോ ചെയ്യരുതെന്ന് എന്നാണ് പ്രസ്തുത ആർട്ടിക്കിൾ നിഷ്കർഷിച്ചിട്ടുള്ളത് . ഭരണഘടനയുടെ ലംഘനം കണക്കിലെടുത്ത് ഡിജിസിഎയുടെ തീരുമാനം മന്ത്രിസഭ ഭേദഗതി ചെയ്യാനോ തിരുത്താനോ തയ്യാറാകണമെന്നാണ് എതിർക്കുന്നവരുടെ ആവശ്യം.

വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന കുവൈത്തുകാർക്ക് ഏർപ്പെടുത്തിയ നിർബന്ധിത ക്വാറൻ്റൈൻ എടുത്തുകളഞ്ഞ് പകരം 14 ദിവസത്തേ ഹോം ക്വാറൻ്റൈന് അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. മതിയായ നിയമപരവും ഭരണഘടനാപരവുമായ പഠനത്തിന് വിധേയമാക്കാതെയാണ് തീരുമാനമെന്നാണ് പ്രധാന വിമർശനം. പുതിയ വിജ്ഞാപനമനുസരിച്ച്, വിദേശത്ത് ചികിത്സ തേടുന്ന സ്വദേശികളായ രോഗികൾ, വിദേശത്ത് പഠിക്കുന്ന കുവൈത്ത് വിദ്യാർത്ഥികൾ, കൂടെ മറ്റാരും ഇല്ലാതെ യാത്ര ചെയ്യുന്ന പ്രായപൂർത്തിയാകാത്തവർ , നയതന്ത്ര ഉദ്യോഗസ്ഥർ മെഡിക്കൽ സ്റ്റാഫ് എന്നിവരെ നിർബന്ധിത ഹോട്ടൽ ക്വാറൻ്റൈൻ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവർക്ക് 14 ദിവസത്തെ ഹോം ക്വാറൻ്റൈൻ മാത്രമാണ് ഏർപ്പെടുത്തുക.

പുതിയ ഉത്തരവനുസരിച്ച് വായു, കര, കടൽ വഴിയുള്ള യാത്രക്കാർക്ക് നിർബന്ധിത ക്വാറൻ്റൈന് ബാധകമാണെന്ന് ആഭ്യന്തരമന്ത്രി സ്ഥിരീകരിച്ചിരുന്നു. “കുവൈറ്റ് ട്രാവലർ” (മൊസാഫർ) ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യാതെയും ഹോട്ടൽ റിസർവേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെയും എത്തിച്ചേരാനും യാത്ര പുറപ്പെടാനും അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു.