ഉയരെ റിവ്യൂ : ലാല്‍ജി കാട്ടിപ്പറമ്പന്‍

ഉയരേ…
തൊട്ടടുത്ത നിമിഷം എന്തു സംഭവിയ്ക്കുമെന്ന് പ്രേക്ഷ്കന് ഊഹിക്കാന്‍ കഴിയുമ്പോഴും അത് അവന്റെ ആസ്വാദനത്തെ ബാധിയ്ക്കാത്ത തരത്തിലും , അത് കാണാനുള്ള excitement പ്രേക്ഷകനില്‍ നില നിര്‍ത്തുന്നതുമായ രചനാ രീതി . ഉയരെയില്‍ ഉയരത്തില്‍ നില്‍ക്കുന്നത് ബോബി-സഞ്ജയ് കൂട്ടിന്റെ എഴുത്ത് തന്നെയാണ്.

അതിനോടു ചേര്‍ന്ന് നില്‍ക്കുക എന്ന ഉത്തരവാദിത്തം നവാഗത സംവിധായകനായ മനു അശോകനും അഭിനേതാക്കളും, പിന്നണിയിലുള്ളവരും പൂര്‍ണമായി നിറവേറ്റിയിട്ടുണ്ട്.

ഉയരെയില്‍ പാര്‍വതി എന്ന നടി സ്വയം അടയാളപ്പെടുത്തുന്നത് ആഘോഷിക്കപ്പെടുന്ന സ്ത്രീപക്ഷ സംഭാഷണങ്ങള്‍ പറയുന്നിടത്തോ വീഴ്ചയില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നിടത്തോ അല്ല ; പകരം ഇമോഷണല്‍ സീനുകളിലാണ് .

പല്ലവിയുടെ ജീവിതത്തെ മാറ്റി മറിയ്ക്കുന്ന ഒരു രാത്രിയില്‍ അവള്‍ “എനിയ്ക്ക് നിന്നെ ഭയമാണ് “എന്നു ഗോവിന്ദിനോട് പറയുന്നുണ്ട്. അതൊക്കെ , പാര്‍വതി പൂര്‍ണമായും തന്നെ പല്ലവിയ്ക്ക് വിട്ടു കൊടുക്കുന്നതിനു ഉദാഹരണമാണ് .

പല്ലവി എനിയ്ക്ക് അപരിചിതയായ ഒരു സ്ത്രീയേയല്ല. ജീവിതത്തില്‍ എല്ലാ കാലഘട്ടത്തിലും ഏറ്റവും അടുത്തു നിന്നിട്ടുള്ളത് പെണ്‍ സൌഹൃദങ്ങളാണ് . അവരില്‍ പലരും പലയളവുകളില്‍ പല്ലവിയാണ്. പക്ഷേ, ” എനിക് ഞാനാകണം .. ഞാന്‍ ആഗ്രഹിയ്ക്കുന്ന ഞാന്‍ ..” എന്നു പറയാന്‍ മറന്നു പോയവര്‍ . പാതിയില്‍ വീണു പോയവര്‍..

സ്വപ്നങ്ങള്‍ കാണുക.. ആഗ്രഹിക്കുക .. ആഗ്രഹം നേടാന്‍ ആവോളം പരിശ്രമിക്കുക.. വീണു പോയാല്‍ വീണ്ടും എഴുന്നേറ്റ് നടക്കാന്‍ ശ്രമിയ്ക്കുക .. ഇതാണ് പല്ലവി …

പല്ലവിയുടെ ജീവിതത്തിന്റെ നാള്‍ വഴികള്‍ കൃത്യമായി എഴുതി വെച്ചിട്ടുണ്ട് . എന്നാല്‍ ഇതില്‍ നിന്നും തീര്‍ത്തൂം വ്യത്യസ്ഥമാണ് ആസിഫിന്റെ ഗോവിന്ദ്..

ഉള്ളില്‍ വിഷാദവും അപകര്‍ഷതാ ബോധവും നിറച്ച് ; തോറ്റു പോയെന്ന് കരുതുമ്പോഴൊക്കെ അവനവനെതന്നെ മുറിവേല്‍പ്പിക്കുന്നവന്‍. ഗോവിന്ദിന്റെ ഇന്നലകളെ കുറിച്ചു അധികമൊന്നും സിനിമ പറയുന്നില്ല. പക്ഷേ സിനിമയില്‍ മുഴുകുന്ന ഓരോ പ്രേക്ഷ്കനും അയാളുടെ ബാല്യവും , കൌമാരവും. നോവും , പകയും എല്ലാം കാണാന്‍ കഴിയും .. അത്രയ്ക്കും മനോഹരമായിട്ടാണ് ആസിഫ് ഗോവിന്ദിനെ അവതരിപ്പിച്ചിരിക്കുന്നത് .

പ്രണയ നിമിഷങ്ങളില്‍ പോലും അയാളില്‍ നിന്നും ഊര്‍ന്ന് വീഴുന്ന കണ്ണുനീര്‍ . അതാണ് ഗോവിന്ദ്…

അവനവനെ വേദനിപ്പിക്കുക .എന്നതിന്റെ എക്സ്ട്രീം അവസ്ഥയിലാവണം അയാള്‍ പല്ലവിയുടെ ജീവിതത്തെ തന്നെ മാറ്റി മറിച്ച ഒരു തീരുമാനം എടുത്തിട്ടുണ്ടാകുക .
Spoiler*
എനിക്കു തോന്നുന്നു , ഒരുപക്ഷേ , പല്ലവി കേസില്‍ നിന്നും ഒഴിവാക്കിയാല്‍ പോലും ഗോവിന്ദ് തിരഞ്ഞെടുക്കുക മരണമായിരിക്കും. സ്വയം നോവിക്കാതെ അയാള്‍ക്ക് ജീവിക്കാന്‍ കഴിയില്ല . താന്‍ സ്നേഹിക്കുന്നതെല്ലാം തന്‍റേതെന്ന ബോധത്തില്‍ അതിനെയും നോവിക്കാതെ ജീവിക്കാന്‍ അയാള്‍ക്ക് കഴിയില്ല …

വെറുപ്പിന് സമാന്തരമായി തന്നെ ഗോവിന്ദിനെ ഓര്‍ത്ത് പ്രേക്ഷകന് സഹതപിക്കേണ്ടി വരുന്നുണ്ട് .. ആയാളുടെ ഇന്നലെകള്‍ എന്തായിരിക്കാം എന്നു ചെറുതായി സങ്കടപ്പെടേണ്ടിയും വരുന്നുണ്ട്.

പാതി മറച്ച മുഖത്ത് ഊര്‍ന്ന് വീഴുന്ന പല്ലവിയുടെ കണ്ണുനീര്‍…. പ്രണയിനിയോട് ചേര്‍ന്ന് കിടക്കുമ്പോഴും ഇരുവശത്തേക്ക് ഒഴുകി ഇറങ്ങുന്ന ഗോവിന്ദിന്റെ കണ്ണുനീര്‍…
സ്നേഹം തീര്‍ത്തൂം ആപേക്ഷികമെന്നല്ല… സ്നേഹം തീര്‍ത്തൂം അപകടകരമെന്ന് തിരുത്തി വായിക്കേണ്ട കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോള്‍ , ഇരകള്‍ക്കൊപ്പം വേട്ടക്കാരനെയും കേള്‍ക്കണമെന്ന് സിനിമ പറയാതെ പറയുന്നുണ്ട്..

ടോവിനോയും, അനാര്‍ക്കലിയും , സിദ്ധിക്കുമെല്ലാം അവരവരുടെ വേഷം മനോഹരമാക്കിയിട്ടുണ്ട് . ആദ്യത്തെ ഗാനവും , പശ്ചാത്തല സംഗീതവും മികച്ചതാണ്. സാങ്കേതികമായും സിനിമ ഉയര്‍ന്നു നില്ക്കുന്നു

പാര്‍വതി എന്ന വ്യക്തിയുടെ നീലപാടിനോടും , രാഷ്ട്രീയത്തോടും ചേര്‍ന്ന് നില്ക്കാന്‍ വേണ്ടി സിനിമ കാണുന്നവരെക്കുറിച്ച് അറിയില്ല എന്നാല്‍, ഒരു നല്ല സിനിമ കാണാന്‍ ഇഷ്ടപ്പെടുന്ന സാധാരണ പ്രേക്ഷകനാണ് നിങ്ങളെങ്കില്‍ “”ഉയരെ “കാണേണ്ട സിനിമയാണ്. അത് സംസാരിക്കുന്നതു പല്ലവിയെക്കുറിച്ചും, ഗോവിന്ദിനെ കുറിച്ചും, വിശാലിനെ കുറിച്ചുമാണ്, ഉയരങ്ങള്‍ സ്വപ്നം കണ്ട ഒരു പെങ്കുട്ടിയെ കുറിച്ചും അവളുടെ വീഴ്ചയെയും ഉയിര്‍ത്തെഴുന്നേല്‍പ്പിനെകുറിച്ചുമൊക്കെയാണ് , പാര്‍വതി എന്ന വ്യക്തിയുടെ രാഷ്ട്രീയത്തെ കുറിച്ചല്ല

വാല്‍ക്കഷണം : ( തീര്‍ത്തൂം വ്യക്തിപരമായ അഭിപ്രായം )- സൌന്ദര്യത്തെ കുറിച്ചുള്ള നിര്‍വചനത്തെ മാറ്റേണ്ട സമയമെന്ന് സിനിമ പറയുമ്പോഴും , അഭിനേതാക്കളുടെ onscreen പ്രായം ഒരു വലിയ ഘടകം തന്നെയാണ്. പ്രത്യേകിച്ചും ഇങ്ങനെ ഒരു സിനിമയില്‍. പല സീനുകള്‍ കണ്ടപ്പോഴും പാര്‍വതി ശാരീരികമായി കുറച്ചു തയ്യാറെടുപ്പുകള്‍ നടത്തേണ്ടതായിരുന്നു എന്നു തോന്നി . അത് പോലെ costumes, അതും കുറച്ചു കൂടി ശ്രദ്ധിക്കേണ്ടിയിരുന്നു..